സിറിയയിലെ സിമെന്റ് ഫാക്ടറിയിലെ ഇരുനൂറോളം തൊഴിലാളികളെ ഭീകരർ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടു പോകലിനു പിന്നിൽ ഇസ്്്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നാണ് സൂചന. അൽ ബദിയ സിമെന്റ് കമ്പനിയിലെ തൊഴിലാളികളെ താമസസ്ഥലത്തെത്തിയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. തൊഴിലാളികളെ കണ്ടെത്താനായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ദമാസ്കസിന് സമീപം ദുമെയർ പട്ടണത്തിൽ തൊഴിലാളികൾ തങ്ങിയിരുന്ന ഡോർമെറ്ററിയിൽ നിന്നാണ് ഭീകരർ ഇരുന്നൂറോളം പേരെ തട്ടിക്കൊണ്ടുപോയത്. താമസസ്ഥലത്തേക്ക് ഇരച്ചുകയറിയ ഭീകരർ തൊഴിലാളികളെ ബസുകളിൽ കയറ്റിക്കൊണ്ടുപോയതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. ബന്ദികളെ കണ്ടെത്താനായിട്ടില്ലെന്ന് ഫാക്ടറി അധികൃതർ പറഞ്ഞു. സുരക്ഷിതരായി മോചിപ്പിക്കാനുള്ള എല്ലവഴികളും ആരായുമെന്ന് സർക്കാരും വ്യക്തമാക്കി. പാൽമിറ നഗരം വിമതർ വീണ്ടെടുത്തതിന് പിന്നാലെ ദമാസ്കസിന് സമീപം ആക്രമണങ്ങൾ നടത്തുമെന്ന് ഇസ്്ലാമിക് സ്റ്റേറ്റ് ഭീകരർ ഭീഷണി മുഴക്കിയിരുന്നു. അതുകൊണ്ടുതന്നെ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഐ.എസ് ഭീകരരാണെന്ന സംശയം ബലപ്പെടുകയാണ്. ജയഷ്- താഹിർ അൽ ഷാം എന്ന പ്രാദേശിക ഭീകരസംഘടനയ്ക്കും സംഭവവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here