ഹിരോഷിമ ∙ എഴുപതു വർഷം മുൻപ് യുഎസ് അണുബോംബിട്ട ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി സന്ദർശനം നടത്തി. അണ്വായുധരഹിതമായ ലോകം ഉണ്ടാകുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചാണ് അദ്ദേഹം വായിച്ച സമാധാന സന്ദേശം അവസാനിച്ചത്. എന്നാൽ ഹിരോഷിമയുടെ പേരിൽ കെറി മാപ്പു പറയാനിടയില്ലെന്ന് അദ്ദേഹവുമൊത്തു സഞ്ചരിക്കുന്ന ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജപ്പാനിൽ നടന്ന ജി–7 യോഗത്തിനിടെയാണു കെറിയും കൂട്ടരും ഹിരോഷിമ സന്ദർശിച്ചത്. പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഇവിടെയെത്താൻ കഴിഞ്ഞേക്കുമെന്നും കെറി പറഞ്ഞു. എന്നാൽ അത് എന്നായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അതു സംഭവിച്ചാൽ ഹിരോഷിമ സന്ദർശിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റായിരിക്കും ഒബാമ.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ 1945 ഓഗസ്റ്റ് ആറിനു യുഎസ് അണുബോംബിട്ട ഹിരോഷിമയിൽ കൊല്ലപ്പെട്ടത് 1.40 ലക്ഷം ജപ്പാൻകാരാണ്. ഹിരോഷിമയിൽ സന്ദർശനം നടത്തുന്ന മുതിർന്ന യുഎസ് മേധാവിയായ കെറി ജി–7 രാജ്യങ്ങളിലെ മറ്റു വിദേശകാര്യമന്ത്രിമാരുമായി പീസ് മ്യൂസിയം സന്ദർശിച്ചു. എണ്ണൂറോളം ജപ്പാൻകാർ യുഎസിന്റേതടക്കം ജി–7 രാജ്യങ്ങളുടെ പതാകകൾ വീശി ശോകമൂകമാകുമായിരുന്ന അന്തരീക്ഷത്തിനു മറ്റൊരു മാനം നൽകി. ഭൂമിയിലെ ആദ്യത്തെ അണുബോംബ് ആക്രമണമായിരുന്നു ഹിരോഷിമയിലേത്. മൂന്നുദിവസത്തിനുശേഷം യുഎസ് തന്നെ നാഗസാക്കിയിൽ വർഷിച്ച അണുബോംബ് 74,000 പേരുടെ ജീവനെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here