ബെയ്ജിംഗ് : ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രോഗബാധ സംബന്ധിച്ച മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ലോക്ക്‌ഡൗണും ക്വാറന്റൈൻ നിയമങ്ങളും ചൈനയിൽ അവസാനിപ്പിച്ചതിന് പിന്നാലെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൊവിഡ് സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടത്.

 

ഹോസ്പിറ്റലൈസേഷൻ,​ കൊവിഡ് മരണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ചൈനീസ് അധികൃതർ പുറത്തുവിടണമെന്നാണ് ഡബ്ലിയു.എച്ച്.ഒയുടെ ആവശ്യം. കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ പിന്തുണ നൽകാണ തങ്ങൾ സന്നദ്ധരാണെന്ന് ലോകാരോഗ്യ സംഘടന ചൈനയെ അറിയിച്ചിട്ടുണ്ട്. കൊവിഡ് പരിണാമത്തെക്കുറിച്ച് ചർച്ച് ചെയ്യാൻ ചൊവ്വാഴ്ച നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘത്തിന്റെ യോഗത്തിലേക്ക് ചൈനയെ ക്ഷണിച്ചിട്ടുണ്ട്.

 

വിരലിലെണ്ണാവുന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽപ്പോലും കർശന ലോക്ക്‌ഡൗൺ ഏർപ്പെടുത്തുന്നതിനെതിരെ ചൈനയിൽ വൻ പ്രതിഷേധം ഉണ്ടായിരുന്നു. തുടർന്ന് അധികൃതർ പല നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് വ്യാപനത്തിൽ വൻകുതിപ്പ് ഉണ്ടായത്. നിലവിൽ 5000 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് സ‌ർക്കാരിന്റെ ഔദ്യോഗിക അറിയിപ്പെങ്കിലും പ്രതിദിനം ഒരു ദശലക്ഷത്തിനടുത്ത് കേസുകൾ റിപ്പോ‌ർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here