ഹനോയ്: അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെ വിയറ്റ്‌നാം പ്രസിഡന്റ് നുയെന്‍ ഷ്വാന്‍ ഫുക്ക് രാജിവച്ചു. കൊവിഡ് കിറ്റുകള്‍ വിതരണം ചെയ്തതിലെ അഴിമതിയടക്കം സര്‍ക്കാരിനെതിരായ ആരോപണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നുയെന്‍ ഷ്വാന്‍ ഫുക്കിന്റെ രാജിയെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു. ആരോപണവിധേയരായ രണ്ട് ഉപപ്രധാനമന്ത്രിമാരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയിരുന്നു.

ഇവരും മന്ത്രിമാരും ഉള്‍പ്പെട്ട സംഘം നടത്തിയ അഴിമതിയുടെ ഉത്തരവാദിത്തം പ്രസിഡന്റിന്നുണ്ടെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിച്ചതോടെയാണ് നുയെന്‍ ഷ്വാന്‍ ഫുക്കിന്റെ രാജി. ഇന്ന് ദേശീയ അസംബ്ലി ചേര്‍ന്ന് പ്രസിഡന്റിനെ രാജിക്ക് അംഗീകാരം നല്‍കും. ആദ്യമായാണ് വിയറ്റ്‌നാമില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് സ്ഥാനമൊഴിയുന്നത്.

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വന്‍ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിരവധി ഉദ്യോഗസ്ഥരെയും പുറത്താക്കിയിരുന്നു. കൊവിഡ് -19 ടെസ്റ്റിംഗ് കിറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 100 ലേറെ ഉദ്യോഗസ്ഥരെയും ചില ബിസിനസുകാരെയും സര്‍ക്കാര്‍ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ട് ഉപപ്രധാനമന്ത്രിമാരെയും പുറത്താക്കി. ഇതിന്റെയെല്ലാം ഉത്തരവാദിത്വം നുയെന്‍ ഷ്വാന്‍ ഫുക്കിനുണ്ടെന്ന വിലയിരുത്തില്‍ പാര്‍ട്ടി നേതൃത്വം സ്വീകരിച്ചതോടെയാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജി വെച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here