അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ വീടിന് നേരെയുണ്ടായ വെടിവെപ്പില്‍ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കുഞ്ഞിന്റെ അമ്മയായ കൗമാരക്കാരിയും ഉള്‍പ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീട്ടിലുള്ളവരെ ലക്ഷ്യമിട്ടാണ് തോക്കുധാരികള്‍ ആക്രമണം നടത്തിയതെന്നും മയക്കുമരുന്ന് സംഘത്തിന് കൊലപാതകവുമായി ബന്ധമുള്ളതായി സംശയിക്കുന്നതായും തുലാരെ കൗണ്ടിയിലെ ഷെരീഫ് മൈക്ക് ബൗഡ്റോക്സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭീകരമായ ആക്രമണമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെ രണ്ട് പേര്‍ വീടിന് നേരെ ആക്രമണം തുടങ്ങി. നിരവധി തവണ വെടിയുതിര്‍ത്തു. അയല്‍ക്കാരന്‍ പോലീസിനെ വിളിച്ച് ഏഴ് മിനിറ്റിനുശേഷം പൊലീസെത്തി. അപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. വീടിനകത്തും പുറത്തും മൃതദേഹങ്ങളാണ് പൊലീസ് കണ്ടത്. കൊല്ലപ്പെട്ടവരില്‍ 17 വയസ്സുള്ള അമ്മയും ആറുമാസം പ്രായമുള്ള കുട്ടിയുമുണ്ട്. ഇരുവര്‍ക്കും തലയിലാണ് വെടിയേറ്റതെന്നും പൊലീസ് പറഞ്ഞു.

കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരുന്നതിനാല്‍ രണ്ടുപേര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആക്രമണം മയക്കുമരുന്നുമായി ബന്ധപ്പെട്ടതാണെന്നും പൊലീസ് സംശയം പ്രകടിപ്പിച്ചു. സംഭവത്തില്‍ ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് സംഘവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞയാഴ്ച ഈ വീട്ടില്‍ നാര്‍ക്കോട്ടിക് വിഭാഗം പരിശോധന നടത്തിയിരുന്നു. സാന്‍ ജോക്വിന്‍ താഴ്വരയിലെ ഏകദേശം 70,000 നിവാസികളുള്ള ഒരു നഗരമാണ് ടുലാരെ. സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കും ലോസ് ഏഞ്ചല്‍സിനും ഇടയിലാണ് ഈ നഗരം.

LEAVE A REPLY

Please enter your comment!
Please enter your name here