ഉന്നത പഠനത്തിനും ജോലി തേടിയും യുകെ, അമേരിക്ക, കാനഡയടക്കം രാജ്യങ്ങളിൽ പോകുന്ന മലയാളി യുവാക്കളുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. മികച്ച ജീവിത സാഹചര്യത്തിന് നല്ലത് ഈ രാജ്യങ്ങളാണ് എന്ന പൊതുധാരണയിലാണ് യുവാക്കളും തൊഴിലന്വേഷകരും ഇവിടേക്ക് പോകാൻ ശ്രമിക്കുന്നത്. എന്നാൽ ഈ രാജ്യങ്ങളിലേക്ക് ആവശ്യപ്പെടുന്ന യോഗ്യത തെളിയിക്കുന്നതും ഡോക്യുമെന്റേഷൻ നടപടികളും വളരെ ദൈർഘ്യമേറിയതാണ്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പൗരത്വ ഇമിഗ്രേഷൻ സർവീസസ് വഴി 2024 സാമ്പത്തികവർഷം അമേരിക്ക അനുവദിക്കുന്ന എച്ച് വൺബി വിസയുടെ പരമാവധി മാർച്ച്മാസത്തിൽ തന്നെ എത്തിയതായാണ് വിവരം.

 

അമേരിക്കയടക്കം രാജ്യങ്ങൾ മാത്രമല്ല മറ്റ് വിദേശ രാജ്യങ്ങളും തങ്ങളുടെ തൊഴിൽനിരയിലേക്ക് ഇന്ത്യയിൽ നിന്നുള്ളവരെ തേടുന്നതായാണ് പുതിയ സൂചനകൾ. കൊവിഡ് മഹാമാരിയ്‌ക്ക് ശേഷം വിവിധ രാജ്യങ്ങളിൽ തൊഴിൽമേഖലകളിൽ വൈദഗ്ദ്ധ്യം നേടിയ തൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവ് വന്നു. അതുകാരണം ജർമ്മനി, ഓസ്‌ട്രിയ, യുഎഇ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ ഇന്ത്യക്കാർക്കടക്കം തൊഴിലന്വേഷണ വിസ അനുവദിക്കാൻ തീരുമാനമെടുത്തു. വിദേശത്ത് ഒരു ജോലി എന്ന സ്വപ്‌നം സഫലമാക്കാൻ ഇതാണ് മികച്ച സമയം.

 

ഒരു വിദേശിയ്‌ക്ക് രാജ്യത്ത് പ്രവേശിക്കാനും നൽകിയ സമയത്ത് ജോലി കണ്ടെത്താനും അനുവദിക്കുന്നതാണ് തൊഴിലന്വേഷക വിസ. രാജ്യത്ത് താമസിക്കാനും ആറ് മാസത്തിനകം തൊഴിൽ കണ്ടെത്താനും സഹായകമായുള്ളതാണ് ജർമ്മനിയുടെ തൊഴിലന്വേഷക വിസ. അഥവാ ഈ സമയത്തിനുള്ളിൽ തൊഴിൽ നേടാനായാൽ ജർമ്മൻ വർക്ക് വിസ സ്വന്തമാക്കാൻ സാധിക്കും.

 

മറ്റൊരു യൂറോപ്യൻ രാജ്യമായ പോർച്ചുഗലിൽ 2022 ജൂൺ മാസം മുതൽ തൊഴിലന്വേഷക വിസ ഇന്ത്യക്കാർക്കടക്കം അനുവദിച്ച് തുടങ്ങി. പോർച്ചുഗലിൽ തുടർന്ന് 120 ദിവസത്തിനകം തൊഴിൽതേടാൻ സഹായകമാണ് ഈ വിസ. രണ്ട് മാസത്തേക്ക് കൂടി ഈ വിസ കാലാവധി നീട്ടി നൽകാനും സർക്കാർ‌ അനുവദിക്കും. എന്നാൽ അതിനായി ഒരു തവണ മാത്രമേ രാജ്യത്ത് പ്രവേശിക്കാവൂ.

 

ഓസ്‌ട്രിയ ആറ് മാസത്തേക്കുള്ള തൊഴിലന്വേഷക വിസ അനുവദിക്കുന്നുണ്ട്. എന്നാൽ ഉയർന്ന യോഗ്യതയുള്ള തൊഴിലാളികൾ എന്ന വിഭാഗത്തിൽ വന്നാലേ തൊഴിൽ തേടുന്നവർക്ക് ഇതിന് സാധിക്കൂ.യോഗ്യത,പ്രവർത്തിപരിചയം, ഭാഷാ വൈദഗ്ദ്ധ്യം,ഓസ്‌ട്രിയയിലെ പഠന പരിചയം ഇവയനുസരിച്ചേ ഇത് ലഭിക്കൂ.

 

മൂന്ന് തരം തൊഴിലന്വേഷക വിസ അനുവദിക്കുന്ന രാജ്യമാണ് യുഎഇ. 60,90,120 ദിവസങ്ങളിലാണ് ഇവയുടെ കാലാവധി. സ്‌പോൺസറുടെ സഹായമില്ലാതെ തൊഴിൽ തേടാൻ ഇതിലൂടെ സാധിക്കും. എന്നാൽ ഒരു തവണ മാത്രമാണ് ഇതിന് അനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here