ഏഷ്യാനെറ്റ് ന്യൂസ് ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് ട്രൈസ്‌റ്റേറ്റ് എഡിഷന്റെ വിജയികളെ പ്രഖ്യാപിച്ചു. ഏപ്രില്‍ 29ന് ന്യൂജേഴ്‌സിയിലാണ് പുരസ്‌കാര നിശ. അഞ്ച് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. വേള്‍ഡ് മലയാളി കൗണ്‍സിലുമായി സഹകരിച്ചാണ് അവാര്‍ഡ് നിശ ഒരുക്കുന്നത്. കേരളാ ടൈംസ് എംഡി പോള്‍ കറുകപ്പിള്ളിലാണ് ഇവന്റ് പാര്‍ട്‌നര്‍. ഡോ. സുനില്‍കുമാര്‍ നേതൃത്വം നല്‍കിയ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

ഡോ. തോമസ് മാത്യു, ഡോ. തങ്കം അരവിന്ദ്, ഷൈനി തൈപ്പറമ്പില്‍, ഡോ. സുള്‍ഫി നൂഹു എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. നെഫ്രോളജി രംഗത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കി വരുന്ന ഡോ. മധു ഭാസ്‌കരന് ബെസ്റ്റ് ഡോക്ടര്‍ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിക്കും. 50 വര്‍ഷമായി ന്യൂജേഴ്‌സിയില്‍ നഴ്‌സായി സേവനമനുഷ്ഠിക്കുന്ന ലീലാമ്മ വടക്കേടമാണ് ബെസ്റ്റ് നഴ്‌സ്. എന്‍വൈസി ഹോസ്പിറ്റല്‍ സിസ്റ്റത്തിലെ സീനിയര്‍ ഡിറക്ടറും നഴ്‌സിംഗ് എക്‌സലന്‍സായി സേവനമനുഷ്ഠിക്കുന്ന ഡോ. ആനി ജോര്‍ജിനെ ബെസ്റ്റ് നഴ്‌സിംഗ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി തിരഞ്ഞെടുത്തു.

മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സഞ്ചിത്ത് മേനോന്‍ ആണ് യൂത്ത് ഐക്കണ്‍. പതിറ്റാണ്ടുകളായി നിസ്വാര്‍ത്ഥ സേവനത്തിലൂടെ അമേരിക്കയില്‍ വലിയ പ്രശസ്തി കൈവരിച്ച ഡോ. സിഎസ് പിച്ചുമണിയെ സമഗ്ര സംഭാവനകള്‍ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റിന് തിരഞ്ഞെടുത്തു. ഡോ. സിസ്റ്റര്‍ ജോസ്‌ലിന്‍ ഇടത്തിലിന് ബെസ്റ്റ് ഡോക്ടര്‍ വിഭാഗത്തില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കും. ആയുര്‍വേദ ചികിത്സാ രംഗത്ത് പ്രതിഭ തെളിയിച്ച പരിചയ സമ്പന്നയായ ഡോ. അംബികാ നായരിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഫോര്‍ ഹോളിസ്റ്റിക് മെഡിസിന്‍ സമ്മാനിക്കും.

നഴ്‌സിംഗ് രംഗത്തും രാഷ്ടരീയ രംഗത്തും ഒരുപോലെ പ്രതിഭ തെളിയിച്ച ഡോ. ആനി പോളിന് ഏഷ്യാനെറ്റ് ന്യൂസ് സ്‌പെഷ്യല്‍ ജൂറി ലീഡര്‍ഷിപ്പ് പുരസ്‌കാരം സമ്മാനിക്കും. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ മികച്ച സേവനം നടത്തിയ ഡോ. ശ്രീതി സരസ്വതിക്ക് കോവിഡ് വാരിയര്‍ സ്‌പെഷ്യല്‍ പുരസ്‌കാരം നല്‍കും. നോര്‍ത്ത് അമേരിക്കന്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് സുജാ തോമസിന് നഴ്‌സിംഗ് ലീഡര്‍ഷിപ്പ് സ്‌പെഷ്യല്‍ പുരസ്‌കാരം നല്‍കും. ഏപ്രില്‍ 29ന് ന്യൂജേഴ്‌സിയിലാണ് പുരസ്‌കാര നിശ.

LEAVE A REPLY

Please enter your comment!
Please enter your name here