ദുബായ്: ദുബായിലെ ഏറ്റവും വിലയേറിയ വീട് വില്‍പനക്ക്. ആഡംബരത്തിന്റെ അവസാന വാക്ക് എന്ന വിശേഷണമുള്ള വീടാണ് വില്‍പനക്ക് വെച്ചത്. ഇന്ത്യക്കാരടക്കമുള്ള ശതകോടീശ്വരന്മാര്‍ വീട് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 750 ദശലക്ഷം ദിര്‍ഹമാണ് (204 ദശലക്ഷം ഡോളര്‍-ഏകദേശം 2000 കോടി ഇന്ത്യന്‍ രൂപ) വില പറയുന്നത്. ദുബൈയിലെ ഏറ്റവും ഉയര്‍ന്ന ചെലവില്‍ നിര്‍മിച്ച ആഡംബര വീടാണിത്. എമിറേറ്റ്സ് ഹില്‍സിന് സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്.

60,000 ചതുരശ്ര അടിയാണ് വീടിന്റെ അകത്തെ വിസ്തീര്‍ണം. വെറും അഞ്ച് പ്രധാന കിടപ്പുമുറികള്‍ മാത്രമേയുള്ളൂവെങ്കിലും ഓരോ മുറിയും 4000 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. കിടപ്പുമുറി തന്നെ വലിയൊരു വീടിനേക്കാള്‍ വലുതാണ്. താഴത്തെ നിലയില്‍ ഡൈനിങ്ങിനും വിനോദത്തിനുമായി പ്രത്യേകം മുറികളുണ്ട്. 15-കാര്‍ ഗാരേജ്, 19 ബാത്ത്‌റൂമുകള്‍, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പൂളുകള്‍, രണ്ട് ഡോമുകള്‍, 80,000 ലിറ്റര്‍ കോറല്‍ റീഫ് അക്വേറിയം, ഒരു പവര്‍ സബ്‌സ്റ്റേഷന്‍, പാനിക് റൂമുകള്‍ എന്നിവയാണ് മറ്റ് സൗകര്യങ്ങള്‍.

രണ്ടാമത്തെ ഏറ്റവും വലിയ കിടപ്പുമുറി സ്യൂട്ട് 2,500 ചതുരശ്ര അടിയാണ്. അതിഥി മുറികള്‍ ഓരോന്നിനും 1,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. ഒരെണ്ണം വൈന്‍ സൂക്ഷിക്കാനായി ക്രമീകരിച്ചിരിക്കുന്നു. 25 പേര്‍ക്കുള്ള 12 സ്റ്റാഫ് റൂമുകളും രണ്ട് ബാങ്ക് നിലവറകളുമുണ്ട്. വലിയ പ്രതീക്ഷകളോടെയാണ് ഉടമ വീട് നിര്‍മിച്ചത്. എന്നാല്‍, വിവാഹമോചനത്തെത്തുടര്‍ന്ന് ഇദ്ദേഹം ഒറ്റക്കാണ് കൂറ്റന്‍ വീട്ടില്‍ താമസിക്കുന്നത്. മാര്‍ബിള്‍ പാലസ് എന്നാണ് വീടിനെ വിളിക്കുന്നത്. 80 ദശലക്ഷം ദിര്‍ഹം മുതല്‍ 100 ദശലക്ഷം ദിര്‍ഹം വരെ ഇറ്റാലിയന്‍ മാര്‍ബിള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്.

12 വര്‍ഷമെടുത്താണ് നിര്‍മാണം പൂര്‍ത്തിയായത്. 2018 ല്‍ പൂര്‍ത്തിയായതായി പ്രോപ്പര്‍ട്ടി ബ്രോക്കര്‍മാരായ ലക്സാബിറ്റാറ്റ് സോഥെബിയുടെ ഇന്റര്‍നാഷണല്‍ റിയാലിറ്റി പറയുന്നു. ഒന്‍പത് മാസത്തിലധികം 70 വിദഗ്ധ തൊഴിലാളികളാണ് വീട് നിര്‍മാണത്തില്‍ പങ്കെടുത്തത്. 19-ആം നൂറ്റാണ്ടിലെയും 20-ആം നൂറ്റാണ്ടിലെയും പ്രതിമകളും പെയിന്റിംഗുകളും വീടിനെ അലങ്കരിക്കുന്നു. വില്‍പനയില്‍ ഫര്‍ണിച്ചറും അലങ്കാര വസ്തുക്കളും ഉള്‍പ്പെടും. ലോകത്തെ വന്‍ സമ്പന്നരില്‍ പത്തോളം പേര്‍ വീട് വാങ്ങാനായി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ലക്സാബിറ്റാറ്റ് സോഥെബി ബ്രോക്കര്‍ കുനാല്‍ സിങ് പറഞ്ഞു. എമിറേറ്റ്സ് ഹില്‍സില്‍ ഇതിനകം മൂന്ന് പ്രോപ്പര്‍ട്ടികള്‍ ഉള്ള ഒരു ഇന്ത്യന്‍ സമ്പന്നനും വീട് കാണാനെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here