ജി 20 ഉച്ചകോടിയിൽ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രഖ്യാപനത്തിൽ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നത് ആണ് പ്രഥമ പരിഗണന എന്ന് മോദി വ്യക്തമാക്കി. ചൈനയുടെ വൺ ബെൽറ്റ് പദ്ധതിക് ബദൽ ആയ പദ്ധതിയാണിത്.

ജി20 ഉച്ചകോടിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് സാമ്പത്തിക ഇടനാഴി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വെ, ഷിപ്പിംഗ് പദ്ധതികള്‍ നടപ്പില്‍ വരും. സാമ്പത്തിക ഇടനാഴി വലിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണ്‍ പ്രതികരിച്ചു. പ്രഖ്യാപനം മികച്ച ഭാവി സൃഷ്ടിക്കുന്നതെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകള്‍.

ഇന്ത്യയെയും മിഡില്‍ ഈസ്റ്റിനെയും യൂറോപ്പിനെയും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ച് വ്യാപാരവും ബന്ധവും മെച്ചപ്പെടുത്തുകയാണ് സാമ്പത്തിക ഇടനാഴിയുടെ ലക്ഷ്യം. ഇത് ലോകത്തിന്റെ മുഴുവന്‍ കണക്ടിറ്റിവിറ്റിക്കും സുസ്ഥിര വികസനത്തിനും പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ സംരംഭത്തിന്റെയും സാമ്പത്തിക ഇടനാഴി പദ്ധതിയുടെയും സംയോജനത്തിന് താല്‍പര്യം പ്രകടിപ്പിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതില്‍ രാജ്യങ്ങള്‍ നടത്തിയ കൂട്ടായ പരിശ്രമത്തെയും അഭിനന്ദിച്ചു.

സാമ്പത്തിക ഇടനാഴിയെ ചരിത്രപരമെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ വിശേഷിപ്പിച്ചത്. ചരിത്രപരമായ ഒരു ശ്രമമാണിത്. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം വേഗത്തിലാക്കും. സാമ്പത്തിക ഇടനാഴിക്ക് പിന്നാലെ കൂടുതല്‍ വന്‍കിട പദ്ധതികളും നടപ്പില്‍ വരുത്തുമെന്നും ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here