വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം പിന്നിട്ടു. ഭൂചലനത്തില്‍ ഇതുവരെ 1,073 പേർ മരിച്ചെന്ന് മൊറോക്കന്‍ സ്‌റ്റേറ്റ് ടി വി പുറത്തു വിട്ട കണക്കിൽ പറയുന്നു. ആറായിരത്തിലധികം പേര്‍ക്കാണ് ദുരന്തത്തില്‍ പരുക്കേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.1 8.5 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. രാത്രി 11:11 നുണ്ടായ ഭൂകമ്പം 20 സെക്കന്‍ഡ് നീണ്ടുനിന്നു. ആറ് പതിറ്റാണ്ടിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്.

വിനോദസഞ്ചാരകേന്ദ്രമായ മരാകേച്ചിലും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള അഞ്ച് പ്രവിശ്യകളിലുമായാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എഴുന്നൂറിലധികം പേരുടെ നില ഗുരുതരമാണെന്ന് മൊറോക്കന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അല്‍-ഹൗസ്, തരൂഡന്റ് പ്രവിശ്യകളിലാണ് നാശനഷ്ടങ്ങളുടെ പകുതിയും സംഭവിച്ചത്.

വടക്കേ ആഫ്രിക്കയില്‍ ഭൂകമ്പങ്ങള്‍ താരതമ്യേന അപൂര്‍വമാണെങ്കിലും, 1960-ല്‍ അഗാദിറിന് സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിട്ടുണ്ട്. അന്ന് ആയിരക്കണക്കിന് ആളുകള്‍ മരണപ്പെട്ടിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൊറോക്കോയിലേക്ക് മെഡിക്കല്‍ സഹായങ്ങള്‍ ചെയ്യാന്‍ വ്യോമമേഖല തുറന്നുനല്‍കുമെന്ന് അള്‍ജീരിയ പ്രഖ്യാപിച്ചു . കഴിഞ്ഞ വര്‍ഷം മൊറോക്കോയുമായി വിച്ഛേദിച്ച ബന്ധമാണ് അള്‍ജീരിയ പുനഃസ്ഥാപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here