ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയുടെ ആദ്യ അംബാസിഡര്‍ അഫ്ഗാനില്‍ സ്ഥാനമേറ്റു. അഫ്ഗാനിസ്ഥാന്‍ അംബാസിഡറായി നിയമിതനായ ഷാവോ ഷെങിനെ താലിബാന്‍ സ്വാഗതം ചെയ്തു. ഷാവോ ഷെങിന്‍റെ വരവ് മറ്റ് രാജ്യങ്ങൾ അഫ്ഗാനുമായി ബന്ധപ്പെടുന്നതിനും നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുമായി മുന്നോട്ട് വരുന്നതിന്‍റെ തെളിവാണെന്ന് താലിബാന്‍ പറഞ്ഞു. ഖത്തർ, റഷ്യ, കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ ആറ് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളും യുഎന്നിന്‍റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ സംഘടനകളും മാത്രമാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കാബൂളില്‍ പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും- കാനഡയും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്തിക്കിയ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ സന്ദര്‍ഭത്തിലാണ് ചൈനയുടെ ഈ നീക്കം.

2021 ഓഗസ്റ്റ് 15 ന് അമേരിക്കന്‍ സൈനികര്‍ അഫ്ഗാനില്‍ നിന്നും പൂര്‍ണ്ണമായി പിന്‍മാറിയതിന് പിന്നാലെ താലിബാന്‍ അഫ്ഗാന്‍റെ അധികാരം കൈയാളിയിരുന്നു. താലിബാന്‍റെ രണ്ടാം വരവോടെ ലോകരാജ്യങ്ങള്‍ അഫ്ഗാനുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും ഉപേക്ഷിച്ചിരുന്നു. എന്നാല്‍, താലിബാനുമായി നയതന്ത്രബന്ധം നിലനിര്‍ത്തിയിരുന്ന ചൈന ആദ്യമായിട്ടാണ് തങ്ങളുടെ അംബാസിഡറെ അഫ്ഗാനിസ്ഥാനിലേക്ക് നിയമിക്കുന്നത്. അതേസമയം അമേരിക്കയും യൂറോപ്യന്‍ യൂണിയനും അടക്കമുള്ള രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനെതിരെ ഉപരോധത്തിലാണ്. ഇന്നും യുഎന്നില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കുന്നത് അഷ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള മുൻ യുഎസ് പിന്തുണയുള്ള സർക്കാരാണ്. എന്നാല്‍. ചൈനയുടെ നടപടി അഫ്ഗാനിസ്ഥാനിലെ ധാതുസമ്പത്തില്‍ കണ്ണ് വച്ചാണെന്നും ഇതിനകം ആരോപണം ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here