ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് ഗാസ. അഞ്ഞൂറിലേറെപ്പേര്‍ മരിച്ചു. മേഖലയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇസ്രയേല്‍ തടഞ്ഞു. കരയുദ്ധത്തിനും ഒരുക്കംതുടങ്ങി. ജെറുസലേമിലും സ്ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഹമാസ് കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കുകയാണ് ഇസ്രയേല്‍. മിസൈല്‍ ആക്രമണം ഇന്നും തുടര്‍ന്നു. ഗാസയെ പൂര്‍ണമായി ഒറ്റപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രദേശത്തേക്കുള്ള ജലവിതരണം നിര്‍ത്തി.

വൈദ്യുതി, ഇന്ധന, ഭക്ഷ്യ വ്സതുക്കളുടെ വിതരണം കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ത്തിയിരുന്നു. ഈജിപ്റ്റും അതിര്‍ത്തി അടച്ചതോടെ ഗാസ പൂര്‍ണമായി ഒറ്റപ്പെട്ടു. അവശ്യവസ്തുക്കളുടെ ക്ഷാമവും അതിരൂക്ഷമാണ്. ഒന്നരലക്ഷത്തോളം പേര്‍ക്ക് വീടും കിടപ്പാടവും നഷ്ടപ്പെട്ടു. ഇസ്രയേല്‍ സൈന്യം വൈകാതെ കരമാര്‍ഗം ഗാസയിലേക്ക് പ്രവേശിക്കുമെന്നാണ് സൂചന. മൂന്നുലക്ഷത്തോളം റിസര്‍വ് സൈനികരോട് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു.

അതേസമയം ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് സംഘത്തെ പൂര്‍ണമായി തുരത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹമാസ് ബന്ദികളാക്കിയ നൂറിലേറെ പേരെ ഇതുവരെയും രക്ഷിക്കാനായിട്ടില്ല. അതിനിടെ വടക്കന്‍ ഇസ്രയേലിലേക്ക് ലബനനില്‍ നിന്ന് മിസൈല്‍ ആക്രമണം ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here