ഗാസയ്‌ക്കെതിരെയുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേലിനെതിരെ വിമർശനവുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടറസ്. ഗാസയിൽ നടക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആരും രാജ്യാന്തര നിയമത്തിന് അതീതരല്ലെന്നും ഗുട്ടെറസ് പറഞ്ഞു. ഹമാസ് ആക്രമണത്തിന് മറുപടിയായി ​ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ അടിയന്തര വെടിനിർത്തൽ വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അതേസമയം, സെക്യൂരിറ്റി കൗൺസിലിന്റെ ഉന്നതതല സമ്മേളനത്തിന് മുമ്പായുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ വാക്കുകളെ ഇസ്രയേൽ തള്ളി. ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ “ഭയങ്കരമായ” അക്രമത്തിന് ഒരു ന്യായീകരണവുമില്ലെന്നും, എന്നാൽ അതിന് പകരമായി പലസ്തീൻകാരെ മുഴുവൻ ശിക്ഷിക്കുന്നത് ശരിയല്ലെന്നും സെഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഗുട്ടെറസ് പറഞ്ഞിരുന്നു.

അതിനിടെ കരയുദ്ധം വ്യാപിപ്പിക്കുന്നതിനൊപ്പം ഗാസ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണവും തുടരുകയാണ്. വ്യോമാക്രമണത്തിൽ പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോ​ഗിച്ചെന്ന് സേനാ വാക്താവ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടു. ഹമാസിനെതിരെ ഇസ്രയേൽ അത്യാധുനിക അയൺ സ്റ്റിംഗ് സംവിധാനമുപയോ​ഗിച്ചെന്നാണ് റിപ്പോർട്ട്. ദൃശ്യങ്ങൾ ഇസ്രായേലി വ്യോമസേന ഞായറാഴ്ച പുറത്തുവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here