ഗാസയിൽ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ അൽ ജസീറയുടെ ക്യാമറാമാനെ ഇസ്രായേൽ സൈന്യം വധിച്ചു. സമീർ അബുദാഖ എന്നയാളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ലേഖകൻ വെയ്ൽ ദഹ്ദൂഹിനും പരിക്കേറ്റു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് ഇവർ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റു കിടന്ന അബുദാഖയെ ശുശ്രൂഷിക്കുന്നതിൽ നിന്നും മെഡിക്കൽ സംഘത്തെ ഇസ്രായേൽ സൈന്യം തടഞ്ഞതായും ആരോപണമുണ്ട്. യുദ്ധം തുടങ്ങിയതിനു ശേഷം ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 57-ാമത്തെ പലസ്തീനിയൻ മാധ്യമ പ്രവർത്തകനാണ് സമീർ അബുദാഖ.

അതോടൊപ്പം എതിരാളികളാണെന്ന് കരുതി മൂന്ന് ബന്ദികളെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് മൂന്ന് ബന്ദികളെ വെടിവെച്ച് കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചത്. സംഭവത്തെക്കുറിച്ച് പരിശോധന നടത്തിയെന്നും ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ ഗാസയിൽ യുദ്ധരംഗത്തുള്ള സൈനീകർക്ക് നൽകിയെന്നും അഗാധമായ ഖേദം അറിയിക്കുന്നുവെന്നും സൈന്യം വ്യക്തമാക്കുന്നുണ്ട്. ബന്ദികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ബന്ദികളാക്കിയവരുടെ കുടുംബാംഗങ്ങൾ ടെൽ അവീവിൽ പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here