ഡോ. മാമ്മൻ സി. ജേക്കബ്

മാർത്തോമാ സഭയിൽ പുതിയതായി വാഴിക്കപ്പെട്ട മൂന്ന് എപ്പിസ്കോപ്പമാരെ അനുമോദിക്കുന്ന സമ്മേളനത്തിൽ മെത്രാൻമാരുടെ ആഡംബരഭ്രമത്തെക്കുറിച്ച് ജിജി തോംസൺ നടത്തിയ പരാമർശം വലിയ വിവാദമായല്ലോ. അദ്ദേഹം വിദേശത്ത് പോയപ്പോൾ ഒരു മെത്രാന്റെ ഓഫീസിൽ പോയെന്നും അവിടുത്തെ ആഡംബര സൗകര്യങ്ങൾ കണ്ടപ്പോൾ കോർപ്പറേറ്റ് കമ്പനിയുടെ സി.ഇ. ഒയുടെ ഓഫീസ് പോലെ തോന്നി എന്ന് പറഞ്ഞ് തുടങ്ങിയ പ്രസംഗം വളരെ പരിഹാസ്യമായ രീതിയിലാണ് പ്രസംഗം അവസാനിപ്പിച്ചത്. താൻ ഏതെങ്കിലും ഒരു സഭയെ ഉദ്ദേശിച്ചല്ല എല്ലാ സഭകളേയും ഉദ്ദേശിച്ചാണ് എടത്വായിൽ പ്രസംഗിച്ചതെന്ന് ജിജി തോംസൺ തിരുത്തി പറഞ്ഞതും അദ്ദേഹത്തിന് കേരളത്തിലെ ഒരു സഭകളുടെയും ചരിത്രം അറിയാത്തതു കൊണ്ടാണെന്ന് ചുരുക്കം.

അല്ലെങ്കിൽ അദ്ദേഹം ഇത്തരമൊരു പരാമർശം ബോധപൂർവ്വം നടത്തുകയില്ലായിരുന്നു എന്നാണ് എന്റെ പക്ഷം. 2015 ൽ നവംബർ മാസത്തിൽ ജിജി തോംസൺ കോട്ടയം പഴയ സെമിനാരി ദ്വി ശതാബ്ദി ആലോഷ സമ്മേളനത്തിൽ നടത്തിയ ഒരു പ്രസംഗത്തെ കുറിച്ച് ഇവിടെ പരാമർശിക്കട്ടെ. വൈദികരോടും വൈദിക സമൂഹത്തോടും അദ്ദേഹത്തിന് പണ്ടേ ചതുർത്ഥിയായിരുന്നു എന്ന് വ്യക്തമാക്കുന്ന പ്രസംഗം അവിടെയും നടത്തിയിരുന്നു ഈ മനുഷ്യൻ. കർത്താവിന്റെ സുവിശേഷം ജനങ്ങളിൽ എത്തിക്കാൻ വൈദികന്റെ സഹായം വേണ്ട എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പരാമർശം. അതിന് ഉദാഹരണമായി ചില കഥകളും അന്ന് ഈ പണ്ഡിതൻ അവതരിപ്പിച്ചിരുന്നു. അപ്പോൾ ഈ സൂക്കേട് ഇന്നും ഇന്നലേയും തുടങ്ങിയതല്ല. നേരത്തെ തുടങ്ങിയതാണ്. ദൈവത്തിന്റെ ശിഷ്യന്മാരായി തന്നെ വൈദിക സമൂഹത്തേയും കാണുന്ന വിശ്വാസ സമൂഹവും, സഭയുമാണ് കേരളത്തിലെ ക്രൈസ്തവ സമൂഹത്തിലുളളത്.

ജനങ്ങൾ ഒരു പക്ഷെ അവരുടെ വൈദികർ എന്ന നിലയിൽ പുരോഹിതർക്ക് നൽക്കുന്ന പിന്തുണ കേരളത്തിലെ ഒരു പുരോഹിതർ പോലും ദുരുദ്ദേശത്തോടെ ഒരിടത്തും സ്വീകരിച്ചിട്ടില്ല എന്നത് പുതിയ തലമുറയ്ക്കും അഭിമാനിക്കാൻ വകയുണ്ട്. അവർ ഉൾപ്പെടുന്ന സഭയുടെ വിശ്വാസ സമൂഹം സഭയുടെ പുത്രനാണെന്ന് ഒരു സുവിശേഷ പരിപാടിയിൽ പറയുകയും മറ്റൊരു പരിപാടിയിൽ സഭ ഒന്നുമല്ലെന്ന് അഭിപ്രായം പറയുന്നത് ഇരട്ടത്താപ്പും നെറികേടുമാണ്. മാധ്യമ ശ്രദ്ധ കിട്ടുവാൻ ഇതിനേക്കാൾ വേറെ എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു.

മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ഉൾപ്പെടെ പല അഭിവന്ദ്യ പിതാക്കന്മാരെയും വേദിയിൽ ഇരുത്തിയുള്ള വിമർശനം “പരമാധ്യക്ഷൻ”എന്ന വാക്കിൽ പിടിച്ചായിരുന്നു. ജിജി തോംസൺ അല്ല ആരെന്തുപറഞ്ഞാലും മാർത്തോമാ സഭയുടെ “പരമാധ്യക്ഷൻ” മാർത്തോമാ മെത്രാപ്പോലിത്ത തന്നെയാണ്, അതിനൊരു സംശയവും വേണ്ട.

കേരളത്തിലെ ക്രൈസ്തവ സഭയുടെ നട്ടെല്ല് സഭാ വിശ്വാസികളും വൈദികരുമാണ്. ഒരു അക്കാദമിക് സമൂഹം എല്ലാക്രൈസ്തവ സമൂഹത്തിന്റെയും മൂലക്കല്ലാണ്‌. അതിന്റെ ഒരു ചെറുപൊടി മാറ്റുവാൻ ജിജി തോംസണ് സാധിക്കുകയില്ല .കാരണം അത്രത്തോളം വൈദിക നേതൃത്വവുമായി വിശ്വാസ സമൂഹം അടുത്തുകഴിഞ്ഞു.

വാക്കുകളുടെ അർത്ഥത്തെ വിശകലനം ചെയ്യാറുള്ള അങ്ങയെ ക്ഷണിച്ചത് പുതിയതായി വാഴിക്കപ്പെട്ട തിരുമേനിമാർക്ക് അനുമോദന സന്ദേശം നൽകാനാണ്. അല്ലാതെ മലയാള ഭാഷാ പ്രയോഗത്തെ കുറിച്ച് വ്യാകരണ ക്ലാസ് എടുക്കാനല്ല. അനുമോദന സന്ദേശം എന്ന വാക്കിന്റെ അർത്ഥം മനസിലാകാതെ പതിവുപോലെ കയ്യടി വാങ്ങുവാനുള്ള വിമർശന പരിപാടികൾക്ക് താങ്കൾ തയ്യാറുകയായിരുന്നു എന്നത് സത്യം. താങ്കളുടെ ആശയത്തോട് യോജിക്കുന്നതോ വിയോജിക്കുന്നതോ എന്നത് ഇവിടെ അപ്രസക്തമാണ്. പക്ഷേ അനവസരത്തിലായിപ്പോയി എന്നതാണ് പ്രസക്തം. താങ്കൾക്ക് ദൈവം നൽകിയ വിദ്യാഭ്യാസ യോഗ്യതയും ഉന്നത പദവിയും സാമ്പത്തിക സൗകര്യവും സമൂഹത്തിലെ അർഹതയുളള എത്ര പാവങ്ങൾക്ക് പ്രയോജനപ്പെടുത്താൻ സാധ്യമായിട്ടുണ്ട് എന്നുള്ളത് സ്വയം ഒരു ആത്മ പരിശോധനയ്ക്ക് വിധേയമാക്കുന്നത് നന്നായിരിക്കും .

മാർത്തോമാ സഭയിലേക്ക് കാലാകാലങ്ങളായി ദൈവം നൽകിയിട്ടുള്ള എല്ലാ മേലദ്ധ്യക്ഷന്മാരും വളരെ വിദ്യാഭ്യാസം ഉള്ളവരും താഴ്മയുള്ളവരും നല്ല മനസിന്റെ ഉടമകളും ദൈവ സ്നേഹത്തിന്റെ പ്രതീകങ്ങളുമായിരുന്നു എന്നത് സഭയ്ക്ക് എന്നും അഭിമാനം ഉണ്ടാക്കുന്നു. അങ്ങനെ സ്വയം സമർപ്പണത്തോടെ അജപാലനം നടത്തുന്ന മേലധ്യക്ഷന്മാരെ സ്നേഹിക്കുകയും കരുതുകയും ബഹുമാനിക്കുകയും ചെയ്യുകയെന്നത് സഭാജനങ്ങളുടെ കടമയാണ്. ഇനിയെങ്കിലും ഇതുപോലെയുള്ള വിമർശക ബുദ്ധിജീവികളെ സഭയുടെ മീറ്റിംഗുകളിൽ ക്ഷണിക്കരുതെന്ന് എല്ലാ സഭാ ഭാരവാഹികളോടും അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here