ലോകം പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ സങ്കടങ്ങളോടും നിരാശ്ശകളോടും തോല്‍വികളോടും ഗുഡ്‌ബൈ പറഞ്ഞ് പ്രതീക്ഷയുടെ പുതിയ വര്‍ഷത്തിലേക്ക് ഓരോരുത്തരും കാലെടുത്തു വെക്കുകയാണ്. ലോകത്ത് ഏറ്റവുമാദ്യം പുതുവര്‍ഷം പിറക്കുന്നത് പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്. ഇന്ത്യന്‍ സമയം പ്രകാരം ഡിസംബര്‍ 31ന് വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേക്കുന്നത്.

പിന്നീട് പുതുവര്‍ഷം ന്യൂസിലാന്‍ഡിലേക്കെത്തുന്നു. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ന്യൂസിലാന്‍ഡിലെ ഓക്ലന്‍ഡ് 2024നെ വരവേറ്റു കഴിഞ്ഞു. ന്യൂസിലന്‍ഡിന് ശേഷം സമീപ രാജ്യമായ ഓസ്ട്രേലിയയിലാണ് പുതുവര്‍ഷം എത്തുക. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളിലും പുതുവര്‍ഷം പിറക്കും.

ഏറ്റവും വൈകി പുതുവര്‍ഷമെത്തുന്നത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. സമയമേതായാലും പുതിയ വര്‍ഷത്തിലേക്കുള്ള കാല്‍വെപ്പ് എല്ലാവരെ സംബന്ധിച്ചും പ്രതീക്ഷയുടേതാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ എല്ലാംകൊണ്ടും മികച്ച വര്‍ഷമാണ് കടന്നു വരുന്നതെന്ന പ്രതീക്ഷ. ഈ വര്‍ഷം എല്ലാം ശരിയാകുമെന്ന പ്രതീക്ഷ. അങ്ങനെ പ്രതീക്ഷകളുടേയും സ്വപ്‌നങ്ങളുടേയും ചിറകിലേറി 2024നെ വരവേല്‍ക്കുന്ന എല്ലാ വായനക്കാര്‍ക്കും കേരളാ ടൈംസിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍…

LEAVE A REPLY

Please enter your comment!
Please enter your name here