ഗാസയിൽ ഞായറാഴ്ച ഭക്ഷണം കാത്തു നിന്നവരുടെ നേരെ ഇസ്രയേൽ രണ്ടിടത്തു ആക്രമണം നടത്തിയെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒട്ടനവധി ആളുകൾ മരിച്ചെന്നു പലസ്തീൻ വൃത്തങ്ങൾ പറയുമ്പോൾ, ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഒരാഴ്ചയ്ക്കിടയിൽ രണ്ടാം തവണയാണ് ഇസ്രയേലി സേന ഭക്ഷണത്തിനു കാത്തു നിന്നവരെ ആക്രമിച്ചത്.

ഗാസ സിറ്റിക്കു തെക്കു കുവൈറ്റി റൗണ്ട്എബൗട്ടിനു സമീപത്തു ഇസ്രയേലി സൈനികർ വെടിവച്ചതിൽ ഒട്ടേറെപ്പേർ മരിച്ചെന്നു ഗാസ ആരോഗ്യവകുപ്പ് വക്താവ് അഷ്‌റഫ് അൽ ഖേദ്ര പറഞ്ഞു. ധാന്യങ്ങൾ നിറച്ച ട്രക്കുകൾ വരുന്നുവെന്നറിഞ്ഞു എത്തിയതായിരുന്നു പലസ്തീൻകാർ.

ഞായറാഴ്ച്ച രാവിലെ മധ്യ ഗാസയിൽ സഹായം കാത്തു നിന്നവർക്കു നേരെ ഇസ്രയേലി വിമാനങ്ങൾ ബോംബാക്രമണം നടത്തി. ദേർ അൽ ബാലയിൽ നടന്ന ആക്രമണത്തിൽ എട്ടു പേർ മരിച്ചുവെന്നു പലസ്തീൻ ടി വി പറഞ്ഞു. വെള്ളം ശേഖരിക്കാൻ പോയവരെയാണ് ആക്രമിച്ചത്. ബോംബിന് ഇരയായവരുടെ ശരീരഭാഗങ്ങൾ നാല് പാടും ചിതറി വീണെന്നു ചാനൽ പറഞ്ഞു.

രണ്ടു ആക്രമണങ്ങളെ കുറിച്ചും ഇസ്രായേൽ മിണ്ടിയിട്ടില്ല.

ഒക്ടോബർ 7നു ഹമാസ് ഭീകരർ ഇസ്രയേലിൽ കടന്നു 1,300ലേറെപ്പേരെ കൊലപ്പെടുത്തിയതിനു മറുപടിയായി ഗാസയിൽ ഇസ്രയേൽ ആരംഭിച്ച ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 30,400 കടന്നുവെന്നു പലസ്തീൻ അധികൃതർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here