പാരീസ്: ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാന്‍സ്. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്ത സമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പില്‍ 72-ന് എതിരെ 780 വോട്ടുകള്‍ക്ക് ബില്‍ പാസായി. 1958-ലെ ഫ്രഞ്ച് ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷ അംഗങ്ങളും വോട്ടുചെയ്തതോടെ പിറന്നത് ചരിത്രമാണ്.

എന്റെ ശരീരം എന്റെ തീരുമാനം എന്ന മുദ്രാവാക്യം ഉയര്‍ത്തി വിധിയോട് നിരവധി ആളുകള്‍ അനുകൂലമായി പ്രതികരിച്ചു. പാരിസിലെ ഈഫല്‍ ടവറില്‍ ആളുകള്‍ ബില്ലിനെത്തുടര്‍ന്ന് ആഘോഷിച്ചു. ഗര്‍ഭച്ഛിദ്രം ഭരണഘടനാവകാശമാക്കുന്ന നിര്‍ണായക ഭേദഗതി ബില്ലിന് നേരത്തെ ഫ്രഞ്ച് സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 267 അംഗങ്ങള്‍ അനുകൂലമായി വോട്ടുചെയ്തപ്പോള്‍ എതിര്‍ത്തത് വെറും 50 പേര്‍ മാത്രം.

ആധുനിക ഫ്രാന്‍സിന്റെ ഭരണഘടനയിലെ ഇരുപത്തഞ്ചാമത്തെയും 2008-നു ശേഷമുള്ള ആദ്യത്തെയും ഭേദഗതിയാണിത്. ബില്ല് വന്നത് ഫ്രാന്‍സിന്റെ അഭിമാനമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുതിയ നിയമത്തെ വിശേഷിപ്പിച്ചത്. ഇതിലൂടെ സാര്‍വദേശീയ സന്ദേശമാണ് ലോകത്തിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ശരീരം നിങ്ങളുടേത് മാത്രമാണ്. അതില്‍ മറ്റൊരാള്‍ക്ക് തീരുമാനമെടുക്കാനാവില്ല. എല്ലാ സ്ത്രീകള്‍ക്കുമുള്ള ഞങ്ങളുടെ സന്ദേശമാണിത്. വോട്ടെടുപ്പിന് മുമ്പ് ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റല്‍ പറഞ്ഞു.

1975മുതല്‍ ഫ്രാന്‍സില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാണ്. എന്നാല്‍, രാജ്യത്തെ 85 ശതമാനം പൊതുജനങ്ങളും ഗര്‍ഭച്ഛിദ്രാവകാശം സംരക്ഷിക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരുന്നതായി സര്‍വ്വേകള്‍ തെളിയിക്കുന്നു. യു എസിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഗര്‍ഭച്ഛിദ്രത്തിനുള്ള നിയമപരമായ പരിരക്ഷ എടുത്തുകളയാന്‍ നീക്കം നടക്കുന്നതിനിടെയാണ് ഫ്രാന്‍സിലെ നടപടികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here