കടുത്ത ആക്രമണം മൂലം ഗാസയിലെ സാധാരണ ജനങ്ങൾ  അനുഭവിക്കുന്ന ദുരിതത്തിൽ ‘അഗാധമായ ആശങ്ക’ അറിയിച്ചു യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഇസ്രയേലി യുദ്ധകാല മന്ത്രിസഭാംഗമായ ബെന്നി ഗാൻറ്സിനോട് ബൈഡൻ ഭരണകൂടത്തിന്റെ മാറുന്ന നിലപാട് വ്യക്തമാക്കി. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ഗാൻറ്സ് ചർച്ചയ്ക്കു എത്തിയത് യുഎസ് നിലപാടുകൾ സ്വീകരിക്കാൻ മടിക്കുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എതിർപ്പ് അവഗണിച്ചാണ്.

ഗാസയിലേക്കു മാനുഷിക സഹായം എത്തിക്കാൻ ഇസ്രയേലി സേന തടസം നിൽക്കുന്നുവെന്നു ചൂണ്ടിക്കാട്ടി, കൂടുതൽ സഹായം  എത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്നു ഹാരിസ് ആവശ്യപ്പെട്ടു.

അതിനു യുദ്ധവിരാമം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയ ഹാരിസ്, ആറാഴ്ച വെടിനിർത്തൽ എന്ന വ്യവസ്ഥ സ്വീകരിക്കാൻ ഹമാസിനോടും നിർദേശിച്ചു.

മുൻ ആർമി ചീഫ് കൂടിയായ ഗാൻറ്സ് മറ്റു ഉന്നത യുഎസ് ഉദ്യോഗസ്ഥരെയും കണ്ടു. ക്യാമ്പ് ഡേവിഡിൽ കഴിയുന്ന പ്രസിഡന്റ് ബൈഡനുമായി അദ്ദേഹം ചർച്ച നടത്തിയില്ല.

ഇസ്രയേലിനു മാനുഷിക സഹായം തടയാൻ ഒരു ന്യായവുമില്ലെന്ന ഹാരിസിന്റെ പ്രസ്താവനയിൽ പതിവില്ലാത്ത കാഠിന്യം ഉള്ളതായി നിരീക്ഷകർ കരുതുന്നു. 

“ഗാസയിലെ മാനുഷികാവസ്ഥയെ കുറിച്ചു വൈസ് പ്രസിഡന്റ് അഗാധമായ ആശങ്ക അറിയിച്ചു,” ഹാരിസിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. “കൂടുതൽ സഹായം എത്തിക്കാൻ വേണ്ടതു ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. ഹമാസിനോട് ഒത്തുതീർപ്പു വ്യവസ്ഥകൾ സ്വീകരിക്കാനും നിർദേശിച്ചു.”

വൈറ്റ് ഹൗസിലേക്കു പോകുമ്പോൾ ഗാൻറ്സ് മാധ്യമങ്ങളോട് പറഞ്ഞു: “സുഹൃത്തുക്കളുമായി ഇപ്പോഴും നമ്മൾ തുറന്നു സംസാരിക്കണം, അതാണ് ഇപ്പോൾ ചെയ്യാൻ പോകുന്നത്.”

ഗാസയിലെ സിവിലിയൻ മരണങ്ങൾ 30,000 കടന്നു കുതിക്കുമ്പോൾ ബൈഡൻ കടുത്ത രാഷ്ട്രീയ സമമർദം നേരിടുകയാണ്. അദ്ദേഹത്തിനെതിരെ മിഷിഗൺ ഡമോക്രാറ്റുകൾ ആരംഭിച്ച പ്രതിഷേധം മറ്റു സംസ്ഥാനങ്ങളിലും കത്തിപ്പടരുമെന്ന ആശങ്കയുണ്ട്.

ഇസ്രയേൽ മുന്നോട്ടു വച്ച പുതിയ വെടിനിർത്തൽ നിർദേശങ്ങൾ സ്വീകരിക്കാൻ യുഎസ് നാഷനൽ സെക്യൂരിറ്റി വക്താവ് ജോൺ കിർബി ഹമാസിനോട് നിർദേശിച്ചു. വ്യാഴാഴ്ച ബൈഡന്റെ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിനു മുൻപ് വെടിനിർത്തൽ ഉണ്ടാവണമെന്നു ബൈഡൻ ഭരണകൂടം ആഗ്രഹിക്കുന്നു.

ചർച്ചകൾ വീണ്ടും സ്തംഭിച്ചു

കയ്‌റോയിൽ ചൊവാഴ്ച ഇസ്രയേലും ഹമാസും തമ്മിലുള്ള ചർച്ചകൾ വീണ്ടും തീർപ്പിലാതെ പിരിഞ്ഞു. റമദാൻ ആരംഭിക്കുന്ന മാർച്ച് 10നു മുൻപ് വെടിനിർത്തൽ ഉണ്ടാവുമെന്ന പ്രതീക്ഷ അതോടെ വീണ്ടും ഇല്ലാതായി. ജീവനോടെ ഇരിക്കുന്ന എല്ലാ ബന്ദികളുടെയും പട്ടിക നൽകണമെന്ന ഇസ്രയേലി ആവശ്യം ഹമാസ് തള്ളിയതാണ് ചർച്ച അലസാൻ കാരണം.

ഗാസയിൽ പട്ടിണിമരണം പതിവായി. 20 കുഞ്ഞുങ്ങളെങ്കിലും ഒരാഴ്ചയ്ക്കിടെ ഭക്ഷണം കിട്ടാതെ മരിച്ചു. ഭക്ഷണമില്ലാത്ത അമ്മമാരുടെ മുലപ്പാലിൽ പോലും പോഷകാംശങ്ങൾ ഇല്ലെന്നു ആരോഗ്യ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here