യുനൈറ്റഡ് നാഷന്‍സ്: നിയന്ത്രണരേഖയില്‍ ആക്രമണമുണ്ടായത് നേരിട്ട് കണ്ടിട്ടില്ളെന്ന യു.എന്‍ വാദം ഇന്ത്യ തള്ളിക്കളഞ്ഞു. ആരെങ്കിലും കണ്ടോ ഇല്ലയോ എന്നതുകൊണ്ട് മാത്രം യാഥാര്‍ഥ്യം ഇല്ലാതാകില്ളെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ സെയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു. നിയന്ത്രണരേഖയില്‍ നിരീക്ഷണ ദൗത്യമുള്ള  യു.എന്നിന്‍െറ ഇന്ത്യ – പാക് സൈനിക സംഘം ഇന്ത്യയുടെ മിന്നലാക്രമണം നേരില്‍ കണ്ടിട്ടില്ളെന്ന് കഴിഞ്ഞദിവസം യു.എന്‍ സെക്രട്ടറി ജനറലിന്‍െറ വക്താവ് സ്റ്റെഫാന്‍ ദുജാറിക് ആണ് പറഞ്ഞത്. ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ളെന്ന വാദമാണ് പാകിസ്താനും ഉന്നയിക്കുന്നത്.

അതേസമയം ആര് നിഷേധിച്ചാലും യാഥാര്‍ഥ്യം യാഥാര്‍ഥ്യം തന്നെയാണെന്ന് അക്ബറുദ്ദീന്‍ വ്യക്തമാക്കി. ഇന്ത്യയുടെ ആക്രമണത്തെതുടര്‍ന്ന് യു.എന്നില്‍ പാകിസ്താന്‍ വിഷയം ഉന്നയിച്ചെങ്കിലും അവര്‍ക്ക് ഏതെങ്കിലും ലോകരാജ്യങ്ങളുടെ പിന്തുണ കിട്ടിയോ എന്ന് അദ്ദേഹം ചോദിച്ചു. ഏതെങ്കിലും രാജ്യം അവരെ പിന്തുണച്ച് രംഗത്തുവന്നിട്ടില്ല.  ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടന്നതായി  ശ്രദ്ധയില്‍പെട്ടിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ സമാധാനാന്തരീക്ഷം വഷളാക്കുന്നതിന് ഉത്തരവാദി ഇന്ത്യയാണെന്ന് പാകിസ്താന്‍ യു.എന്നില്‍ ആരോപിച്ചു. തങ്ങള്‍ പരമാവധി സംയമനം പാലിക്കുമെന്നും എന്നാല്‍, കടന്നാക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും  പാകിസ്താന്‍െറ സ്ഥിരം പ്രതിനിധി മലീഹ ലോധി സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ ധരിപ്പിച്ചു.

ഇന്ത്യ നിയന്ത്രണരേഖയില്‍ മിന്നലാക്രമണം നടത്തിയിട്ടില്ല.  എന്നാല്‍, അതിര്‍ത്തി ലംഘിച്ചുവെന്ന് അവര്‍തന്നെ സമ്മതിച്ചിരിക്കുകയാണ്. കശ്മീരിലെ ആഭ്യന്തരപ്രശ്നങ്ങളില്‍നിന്ന് അന്താരാഷ്ട്ര ശ്രദ്ധതിരിക്കാനാണ് ഇന്ത്യ ഇപ്പോള്‍ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നതെന്നും ലോധി ആരോപിച്ചു.

പ്രശ്നങ്ങള്‍ക്ക് നയതന്ത്രരീതികളിലൂടെയും സംഭാഷണങ്ങളിലൂടെയും സമാധാനപരമായ പരിഹാരം കാണാന്‍ ഇന്ത്യയും പാകിസ്താനും തയാറാകണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമാണെങ്കില്‍ യു.എന്‍ അതിന് അവസരമൊരുക്കും.  ഇന്ത്യ-പാക് സംഘര്‍ഷാന്തരീക്ഷം വളരുന്നതില്‍ അതീവ ആശങ്കയിലാണെന്ന് സെക്രട്ടറി ജനറലിന്‍െറ വക്താവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here