ലണ്ടന്‍: കഴിഞ്ഞവര്‍ഷം ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ച് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി. 1000 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇവിടെ പ്രവേശനം നേടുന്നത്. യൂണിവേഴ്‌സിറ്റിയുടെ കോളജ് അഡ്മിഷന്‍ ബോഡി പുറത്തുവിട്ട കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്.

2017 അക്കാദമിക് വര്‍ഷത്തില്‍ 1070 പെണ്‍കുട്ടികളാണ് ബിരുദ കോഴ്‌സുകളില്‍ പ്രവേശനം ഉറപ്പാക്കിയത്. ആണ്‍കുട്ടികളാകട്ടെ 1025 പേരും. 1974ലാണ് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി ആദ്യമായി പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. അതുവരെ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കിയിരുന്നത്.

ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 38 കോളജുകളില്‍ 10 ഇടങ്ങളില്‍ വനിത പ്രിന്‍സിപ്പല്‍മാരാണ് ഉള്ളത്. 2016 ല്‍ യൂണിവേഴ്‌സിറ്റിയില്‍ ആദ്യ വനിത വൈസ് ചാന്‍സലറും ചുമതലയേറ്റു. പ്രഫ. ലൂയിസ് റിച്ചാര്‍ഡ്‌സണ്‍ ആണ് ആദ്യ വനിത വൈസ് ചാന്‍സലറായി ചുമതലയേറ്റത്. കറുത്തവര്‍ഗക്കാരായ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ കൂടുതല്‍ ഇളവ് ഏര്‍പ്പെടുത്തുകയും ലഭിച്ച ആപ്ലിക്കേഷനുകളില്‍ നിന്ന് 65 പേര്‍ക്ക് പ്രവേശനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here