ബെയ്ജിംഗ്: ചൈനയും അമേരിക്കയുംതമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അലുമിനിയം, സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് ഭാരിച്ച നികുതി ചുമത്തിയ ട്രംപിന് ഇന്ന് ചൈന തിരിച്ചടി നല്‍കി. അമേരിക്കയില്‍ നിന്നും ചൈന ഇറക്കുമതി ചെയ്യുന്ന 128 ഉത്പന്നങ്ങളുടെ തീരുവ അവര്‍ കുത്തനെ ഉയര്‍ത്തി. സംസ്‌കരിച്ച പോര്‍ക്ക്, വൈന്‍, പഴങ്ങള്‍, നട്ട്‌സ് തുടങ്ങിയ ഉത്പന്നങ്ങളുടെ തീരുവയാണ് കൂട്ടിയത്. ഇതില്‍ പലതിനും 25 ശതമാനം വരെ നികുതി കൂട്ടിയിട്ടുണ്ട്.

ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യപാര യുദ്ധം രൂക്ഷമാകുമെന്നാണ് റിപോര്‍ട്ടുകള്‍. നേരത്തെ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ടു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിയെങ്കിലും അമേരിക്ക വഴങ്ങാന്‍ തയ്യാറല്ലായിരുന്നു. ചൈനയില്‍ തങ്ങളുടെ കാറുകള്‍ യഥേഷ്ട്ടം വില്‍ക്കാന്‍ അനുവദിക്കണമെന്നും സാമ്പത്തിക സേവനങ്ങളുടെ മാര്‍ക്കറ്റ് തുറന്ന് കൊടുക്കണമെന്നുമായിരുന്നു വാഷിംഗ്ടണിന്റെ ആവശ്യം. എന്നാല്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ ബെയ്ജിങ് തയാറായില്ല. ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ചൈന കൂടുതല്‍ നടപടിയുമായി രംഗത്ത് വന്നത്.

ഏതായാലും സ്വര്‍ണ്ണത്തിനാണ് ഇത് ഗുണം ചെയ്തിരിക്കുന്നത്. വ്യപാര യുദ്ധം മുറുകുന്നത് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടിയിട്ടുണ്ട്. ചൈനയുടെ പുതിയ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണ വില ഇന്ന് വീണ്ടും കൂടി.

LEAVE A REPLY

Please enter your comment!
Please enter your name here