പലു:ഭൂകമ്പവും സുനാമിയും തകര്‍ത്തെറിഞ്ഞ ഇന്‍ഡോനേഷ്യയിലെ സുലാവെസിയില്‍ ആയിരങ്ങള്‍ മരിച്ചിട്ടുണ്ടാവാമെന്നു വൈസ് പ്രസിഡന്റ് ജൂസുഫ് കല്ല മുന്നറിയിപ്പ് നല്‍കി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്നും ഒട്ടേറെ മനുഷ്യര്‍ ജീവന് വേണ്ടി നിലവിളിക്കുന്നു.

കടപ്പുറത്തു മൃതദേഹങ്ങള്‍ നിരന്നു കിടക്കുന്നു, കടലില്‍ ഒഴുകി നടക്കുന്നു. 832 പേര്‍ മരിച്ചുവെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി പറഞ്ഞു. 150 ല്‍ പരം തുടര്‍ചലനങ്ങള്‍ ഉണ്ടായതുകൊണ്ട് ആയിരങ്ങള്‍ മരിച്ചുവെന്ന് കരുതപ്പെടുന്നു.

ഏതാണ്ട് 350,000 ആളുകള്‍ താമസിക്കുന്ന ഡൊങ്ഗളയില്‍ എത്ര പേര്‍ മരിച്ചുവെന്ന റിപ്പോര്‍ട്ട് ഇനിയും ലഭ്യമല്ലെന്നു കല്ല പറഞ്ഞു. ഇവിടെ ഒട്ടേറെ പേര്‍ കടലിലേക്ക് ഒഴുകിപ്പോയെന്നു അധികൃതര്‍ ഭയക്കുന്നു. വെള്ളിയാഴ്ച ബീച്ച് ഫെസ്റ്റിവലിന് ആളുകള്‍ തയ്യാറെടുക്കുകയായിരുന്നതിനാല്‍ ഭയം വര്‍ധിക്കുകയാണ്.

ഏതാണ്ട് 540 പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. മരിച്ചവരെ കൂടുതലായി കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. അപകടത്തില്‍ പെട്ടവരുടെ എണ്ണം കൂടുന്നതുകൊണ്ടു പൊതു സ്ഥലത്തു ക്ലിനിക്കുകള്‍ തുടങ്ങുകയാണ് ഇപ്പോള്‍.

റിക്ടര്‍ സ്‌കെലില്‍ 7.5 രേഖപ്പെടുത്തിയ വെള്ളിയാഴ്ചത്തെ ഭൂകമ്പത്തില്‍ പെട്ടവരെ തെരയാന്‍ സൈന്യം രംഗത്തുണ്ടെന്നു പ്രസിഡന്റ് ജോകോ വിഡോഡോ പറഞ്ഞു. പലു വിമാനത്താവളത്തില്‍ യാത്രാ വിമാന സര്‍വീസ് നിര്‍ത്തി, അവിടെ ഭക്ഷണവുമായി വിമാനം ഇറക്കുന്നുണ്ട്. പലുവും ഡൊങ്ഗളയും വെളിച്ചം ഇല്ലാത്ത നിലയിലാണ്. ഇന്ധനവും തീരുന്നു.
പലു തീരത്തു അര്‍ദ്ധവസ്ത്രധാരികളായ മനുഷ്യര്‍ കിടക്കുന്നതു കാണാം. ഒരു കൊച്ചു കുഞ്ഞിന്റെ ചെളിയില്‍ പൂണ്ട മൃതദേഹവുമായി ഒരാള്‍ നടന്നു പോകുന്നതും. ‘ബീച്ചില്‍ മൃതദേഹങ്ങള്‍ കിടക്കുന്നു, പലതും കടലില്‍ ഒഴുകി നടക്കുന്നു’ തദ്ദേശവാസി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here