അബുദാബി ∙ യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ട റെക്കോർഡിട്ട് അബുദാബി രാജ്യാന്തര വിമാനത്താവളം. കഴിഞ്ഞ മാസം 20 ലക്ഷം യാത്രക്കാർ ഉപയോഗിച്ചെന്ന റെക്കോർഡിനു പുറമേ, രാജ്യാന്തര വിമാനത്താവളത്തിൽനിന്നു യാത്ര ചെയ്‌തവരുടെ എണ്ണം പത്തുലക്ഷം കവിയുകയും ചെയ്‌തു. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് 23.3% വർധനയാണ് ഈ വർഷമുണ്ടായത്. 2,100,929 യാത്രക്കാരാണു ജൂലൈയിൽ അബുദാബി രാജ്യാന്തരവിമാനത്താവളം ഉപയോഗിച്ചത്. ഇതോടെ ഒരുദിവസം അബുദാബി വിമാനത്താവളത്തിലെത്തുകയോ, യാത്ര ചെയ്യുകയോ ചെയ്യുന്നവരുടെ ശരാശരി എണ്ണം 60,000 ആയി. അബുദാബിയിൽനിന്ന് 1,113,108 യാത്രക്കാരാണു മറ്റു സ്‌ഥലങ്ങളിലേക്കു യാത്രയായത്. ലണ്ടൻ ഹീത്രൂ, ബാങ്കോക്ക്, ദോഹ, മനില, മുംബൈ എന്നീ റൂട്ടുകളിലാണ് ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായത്. വിമാന സർവീസുകളുടെ എണ്ണത്തിൽ 14.2% വർധനയുണ്ടായി. ചരക്കുനീക്കത്തിൽ വർധന 2.1% വർധനയും രേഖപ്പെടുത്തി. ഒരു മാസത്തിൽ രണ്ടു സുപ്രധാന നാഴികക്കല്ലുകൾ പിന്നിട്ടതിൽ അഭിമാനമുണ്ടെന്ന് അബുദാബി എയർപോർട്‌സ് സിഒഒ അഹമ്മദ് അൽ ഹദ്‌ദാബി പറഞ്ഞു. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതു തുടരുകയാണ്. റമസാൻ, ഈദുൽ ഫിത്‌ർ, വേനൽക്കാല അവധിയുമാണു യാത്രക്കാരുടെ എണ്ണത്തിലെ വർധനയ്‌ക്കു പിന്നിൽ. സേവനത്തിന്റെ നിലവാരം, സുരക്ഷ, സൗകര്യങ്ങൾ തുടങ്ങിയവയിലെ മുൻതൂക്കം നിലനിർത്താനാണു ശ്രമിക്കുന്നത്. മിഡ്‌ഫീൽഡ് ടെർമിനൽ ബിൽഡിങ് നിർമാണം പുരോഗമിക്കുകയാണെന്നും യാത്രക്കാരുടെ വർധനയനുസരിച്ചുള്ള പുരോഗതിക്കു സഹായകമാകുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here