ബെർലിൻ : ജർമനിയിലെ നോർത്ത് റൈൻ – വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് കഴിഞ്ഞമാസം മീറ്റ്പാക്കിംഗ് ഫാക്ടറിയിൽ പൊട്ടിപ്പുറപ്പെട്ട ക്ലസ്റ്ററിൽ നിന്നും കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,000 ത്തിലേറെയെന്ന് റിപ്പോർട്ട്.ഇതേവരെ 2,119 പേർക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചതായി നോർത്ത് റൈൻ – വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ ആരോഗ്യ മന്ത്രി പറഞ്ഞു.

ഉറവിടമറിയാത്ത 67 പേർക്ക് കൂടി ഇവിടെ നിന്നാകാം രോഗം പകർന്നതെന്ന് കരുതുന്നു. ജൂൺ അവസാനം തന്നെ ഇവിടുത്തെ 1,500 ലേറെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജൂൺ 30 വരെ ഇവിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.ജർമനിയിൽ മേയ് മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കി വരുന്നതിനിടെ ആദ്യമായാണ് രാജ്യത്ത് ഒരു പ്രദേശത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്നത്. അടുത്തിടെ ഇവിടെ നിലനിന്നിരുന്ന ഭാഗിക ലോക്ക്ഡൗൺ നീക്കം ചെയ്യുകയും ഫാക്ടറി സുരക്ഷാ മുൻകരുതലുകളോടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. നിലവിൽ 204,570 പേർക്കാണ് ജർമനിയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. 9,183 പേർ മരിച്ചു. കൊവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിച്ച രാജ്യങ്ങളിൽ ഒന്നായ ജർമനിയിൽ കൊവിഡ് 19ന്റെ രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here