സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ സുപ്രധാന അധികാരങ്ങൾ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായി ദക്ഷിണ കൊറിയ നാഷനൽ ഇന്റലിജൻസ് സർവീസ്(എൻഐഎസ്). അസുഖ ബാധിതനായതിനെത്തുടർന്ന് കിം ജോങ് ഉൻ അബോധാവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ട്. കിം ജോങ് ഉൻ കഴിഞ്ഞാൽ ഭരണത്തിൽ സ്വാധീനമുള്ളത് കിം യോ ജോങ്ങിനാണ്.

കിം ജോങ് ഉന്നിന്റെ ജോലി ഭാരം കുറയ്ക്കാനാണ് കൂടുതൽ അധികാരം സഹോദരിക്ക് കൈമാറിയതെന്നും അഭ്യൂഹമുണ്ട്. ഉത്തര കൊറിയ രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. സാമ്പത്തികാവസ്ഥ തകർന്ന നിലയിലാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഉത്തര കൊറിയ പ്രതിസന്ധിയിലായത്. അടുത്തിടെ നടത്തിയ ആണവ പരീക്ഷണങ്ങളും പരാജയപ്പെട്ടു. ആണവ പരീക്ഷണങ്ങളെത്തുടർന്ന് മറ്റു രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളും തിരിച്ചടിയായി.

അതേസമയം കിം ജോങ് ഉൻ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സാമ്പത്തിക സ്ഥിതി ചർച്ച ചെയ്യുമെന്നും ഉത്തര കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ഏപ്രിലിൽ കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഹൃദയശസ്ത്രക്രിയയെ തുടർന്ന് കിം അതീവ ഗുരുതര നിലയിലെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 11നാണ് കിം അവസാനമായി മാധ്യമങ്ങളെ കണ്ടത്. പിന്നീട് ഏറെക്കാലത്തേക്ക് അദ്ദേഹത്തെ പൊതുപരിപാടികൾ കാണാതായതോടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹം ഉയർന്നത്.

കിം ജോങ് ഉന്നിന്റെ സഹായിയും വിശ്വസ്തയുമാണ് സഹോദരി. ഭരണ തലപ്പത്തേക്ക് സഹോദരിയെ എത്തിക്കുന്നതിനുള്ള പടിപടിയായ നീക്കമായാണ് കിമ്മിന്റെ നടപടി വിലയിരുത്തുന്നത്. കിം ജോങ് ഉൻ ഗുരുതരമായ ആരോഗ്യ പ്രശ്നം നേരിടുന്നതായി ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ സഹായി ആയിരുന്ന ചാങ് സോങ് മിൻ സമൂഹ മാധ്യമത്തിൽ കറിച്ചു. ഭരണം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്തതിനാലാണ് സഹോദരിയെ കാര്യങ്ങൾ ഏൽപ്പിച്ചതെന്നും അദ്ദേഹം കുറിച്ചു.

രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് വളർത്തു പട്ടികളെ ഇറച്ചിക്കായി റസ്റ്ററന്റുകൾക്ക് നൽകണമെന്ന് കഴിഞ്ഞ ആഴ്ച ഉത്തരവിറക്കിയിരുന്നു. മുതലാളിത്തത്തിന്റെ അടയാളമായാണ് പട്ടികളെ വളർത്തുന്നതെന്നും കിം ജോങ് ഉൻ പ്രഖ്യാപിച്ചു. കിം യോ ജോങ് കൂടുതൽ അധികാരം ഏറ്റെടുത്തതോടെ വീണ്ടും കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here