സോൾ : ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥനെ ഉത്തര കൊറിയൻ സൈനികർ വെടിവച്ച് കൊന്ന ശേഷം മൃതദേഹം കത്തിച്ചു. ദക്ഷിണ കൊറിയയുടെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെ കടലിൽ അതിർത്തിയ്ക്ക് സമീപത്ത് വച്ച് പട്രോളിംഗ് ബോട്ടിൽ നിന്നും കാണാതാവുകയായിരുന്നു.സമുദ്ര അതിർത്തി കടന്നുവെന്ന് ആരോപിച്ച് ഉത്തര കൊറിയൻ സൈന്യം പിടികൂടിയ ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കൊവിഡ് ഭയം കാരണം മൃതദേഹം എണ്ണ ഒഴിച്ച് കത്തിയ്ക്കുകയായിരുന്നുവെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ ഉത്തര കൊറിയൻ അധികൃതരുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല.

കൊവിഡ് വ്യാപനം മുൻ നിറുത്തി അതിർത്തി കടക്കുന്നവരെ അപ്പോൾ തന്നെ വെടിവച്ചു കൊല്ലാനാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ഉത്തരവ്.ഇതിപ്പോൾ രണ്ടാം തവണയാണ് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയൻ പൗരനെ വെടിവച്ചു കൊല്ലുന്നത്. 2008ൽ കുംഗാംഗ് മലനിരകളിൽ വച്ച് ഒരു ദക്ഷിണ കൊറിയൻ വിനോദ സഞ്ചാരിയെ ഉത്തര കൊറിയൻ പട്ടാളം വെടിവച്ച് കൊന്നിരുന്നു. തിങ്കളാഴ്ചയാണ് യോൻപ്യോംഗ് ദ്വീപിന് സമീപം പട്രോളിംഗ് ബോട്ടിൽ നിന്നും 47 കാരനായ ഫിഷറീസ് ഉദ്യോഗസ്ഥനെ കാണാതായത്. പിറ്റേ ദിവസം ഉച്ചയോടെ ഉദ്യോഗസ്ഥനെ കണ്ടെത്തിയ ഉത്തര കൊറിയൻ സൈന്യം അയാളെ ചോദ്യം ചെയ്യലിന് വിധേയനാക്കിയ ശേഷമാണ് വധിച്ചത്. സംഭവത്തെ അപലപിച്ച ദക്ഷിണ കൊറിയൻ ഭരണകൂടം ഉത്തര കൊറിയ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here