ലക്നൗ: ഇനിയും ശമ്പളം ചോദിച്ചാൽ ബാത്ത് റൂമിലെ ദൃശ്യങ്ങൾ പുറത്തുവിടും. ഉത്തർപ്രദേശിൽ മീററ്റിലെ ഒരു സ്വകാര്യ സ്‌കൂൾ മാനേജ്മെന്റാണ് മുടങ്ങിയ ശമ്പളം ചോദിച്ച അദ്ധ്യാപകരെ ഭീഷണിപ്പെടുത്താൻ പുതുവഴി തിരഞ്ഞെടുത്തത്. സ്കൂളിലെ 52 അദ്ധ്യാപകർ പരാതിയുമായി എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മാനേജ്‌മെന്റ് കമ്മിറ്റിയിലെ സെക്രട്ടറിക്കെതിരെയാണ് പരാതി.മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്നാണ് അദ്ധ്യാപകർ പറയുന്നത്. രണ്ടുംമൂന്നും മാസം കൂടുമ്പോഴാണ് പലപ്പോഴും ശമ്പളം നൽകിയിരുന്നത്. മുടങ്ങിയ ശമ്പളം നൽകണമെന്ന് നേരത്തേ പലതവണ അദ്ധ്യാപകർ ആവശ്യപ്പെട്ടെങ്കിലും നൽകാൻ മാനേജ്മെന്റ് തയ്യാറായില്ല.

വീണ്ടും ആവശ്യമുന്നയിച്ചതോടെയാണ് ഭീഷണിമുഴക്കിയത്. ടോയ‌്‌ലറ്റിനുളളിലെ നിരവധി ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് സെക്രട്ടറി പറയുകയും ചെയ്തുവത്രേ.ആരോപണങ്ങൾ സെക്രട്ടറി നിഷേധിച്ചു.സ്ത്രീകളുടെ ടോയ്‌ലറ്റിൽ ക്യാമറ സ്ഥാപിച്ചിട്ടില്ലെന്നും പുരുഷന്മാരുടെ ടോയ്‌ലറ്റിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ ചില സ്കൂളുകളിൽ കൊലപാതകമടക്കമുളള കാര്യങ്ങൾ അരങ്ങേറിയതിനാലാണ് പുരുഷന്മാരുടെ ടോയ്‌ലറ്റിൽ ക്യാമറ സ്ഥാപിച്ചതെന്നാണ് സെക്രട്ടറിയുടെ വാദം. കൊവിഡും ലോക്ക്‌ഡൗണും കാരണം ചില മാസങ്ങളിൽ ശമ്പളം മുടങ്ങിയെന്നും സെക്രട്ടറി സമ്മതിച്ചു.പരാതിയെത്തുടർന്ന് സെക്രട്ടറിക്കും മകനുമെതിരെ കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.നേരത്തേ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെ വിദ്യാർത്ഥികൾ മുടിവെട്ടണമെന്നും താടിവയ്ക്കരുതെന്നുമുളള ഉത്തരവ് പുറപ്പെടുവിച്ചതിലൂടെ സ്കൂൾ വിവാദത്തിൽപ്പെട്ടിരുന്നു. പുതിയ സംഭവത്തോടെ സ്കൂളിന്റെ അംഗീകാരം പിൻവലിക്കണമെന്ന ആവശ്യവുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here