സ്‌റ്റോക്ക്ഹോം: ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന നൊബേൽ സമ്മാനത്തിന്റെ സമ്മാനതുകയ്‌ക്കും ഇനി മൂല്യമേറും. ഈ വർഷത്തെ നൊബേൽ സമ്മാന ജേതാക്കൾക്ക് 1 ദശലക്ഷം ക്രൗൺ (1,10,000 ഡോളർ) അധികമായി അനുവദിക്കാൻ തീരുമാനമായി. അവാർഡിന് മേൽനോട്ടം വഹിക്കുന്ന നൊബേൽ ഫൗണ്ടേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ ആകെയുളള സമ്മാന തുക ഈ വർഷം 10 ദശലക്ഷം ക്രൗണായി (4,31,390 ഡോളർ) ഉയരുമെന്ന് അധികൃതർ അറിയിച്ചു.അടുത്തമാസമാണ് നൊബേൽ സമ്മാനങ്ങൾ പ്രഖ്യാപിക്കുന്നത്. ഒക്‌ടോബർ അഞ്ചിനും പന്ത്രണ്ടിനും ഇടയിലായി ആറ് ദിവസങ്ങളിലായാണ് പ്രഖ്യാപനം.

ഫൗണ്ടേഷന്റെ ചെലവും മൂലധനവും മുമ്പത്തേതിനേക്കാൾ തികച്ചും സുരക്ഷിതമായതിനാലാണ് സമ്മാനതുക വർദ്ധിപ്പിച്ചതെന്ന് നൊബേൽ ഫൗണ്ടേഷന്റെ തലവൻ ലാർസ് ഹൈകെൻസ്‌റ്റൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.1901 മുതലാണ് നൊബേൽ സമ്മാനങ്ങൾ വിതരണം ചെയ്യാൻ ആരംഭിച്ചത്. ശാസ്‌ത്രം, സാമ്പത്തികം, സമാധാനം, സാഹിത്യം തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്‌ഭർക്ക് വിതരണം ചെയ്യുന്ന നൊബേൽ സമ്മാനത്തിന്റെ തുകയിൽ കാലക്രമേണ പലവട്ടം ഏറ്റകുറച്ചിൽ സംഭവിച്ചിട്ടുണ്ട്.രണ്ടായിരത്തിന്റെ തുടക്കത്തിൽ 9 ദശലക്ഷം ക്രൗണായിരുന്നു (3,88,296.36 ഡോളർ) സമ്മാനതുക. ഒരു വർഷത്തിനുശേഷം 10 ദശലക്ഷത്തിലേക്ക് (4,31,440.40) ഉയർന്നു.

2008-09ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഫൗണ്ടേഷനെ വലിയ തോതിൽ ബാധിച്ചു. മുൻ സെൻട്രൽ ബാങ്ക് മേധാവിയായ ഹൈകെൻസ്റ്റെൻ തുടർന്നാണ് ഫൗണ്ടേഷന്റെ സാരഥ്യം ഏറ്റെടുക്കുന്നത്. സമ്മാനതുക 2012ൽ 8 ദശലക്ഷം ക്രൗണായി (3,45,152.32 ഡോളർ) വെട്ടിക്കുറച്ചു. 2017ൽ ഇത് വീണ്ടും 9 ദശലക്ഷമായി (3,88,317.67 ഡോളർ) ഉയർന്നു. സമ്മാന തുക സമയാസമയങ്ങളിൽ ഫൗണ്ടേഷൻ തുടർന്നും ഉയർത്തുമെന്ന് ഈ വർഷം അവസാനം സ്ഥാനമൊഴിയുന്ന ഹെയ്കെൻസ്റ്റൺ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here