ജീവനക്കാര്‍ക്ക് കൊറോണ പൊസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മലേഷ്യന്‍ നിര്‍മാതാക്കളായ ടോപ്പ് ഗ്ലൗവ് തങ്ങളുടെ പകുതിയിലധികം ഫാക്ടറികള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും മികച്ച ലാറ്റക്‌സ് ഗ്ലൗവ് വിതരണക്കാരാണ് ടോപ്പ് ഗ്ലൗവ്. ടോപ്പ് ഗ്ലൗവിന്റെ 2500 ഓളം വരുന്ന ജീവനക്കാര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. 5,700 തൊഴിലാളികളെ ഇതുവരെ കൊറോണ ടെസ്റ്റിന് വിധേയരാക്കിയതായി ആരോഗ്യ ഡയറക്ടര്‍ നൂര്‍ ഹിഷാം അബ്ദുല്ല പറഞ്ഞു. ഇതില്‍ 2,453 പേര്‍ക്ക് കൊറോണ പൊസിറ്റീവ് സ്ഥിരീകരിച്ചു.

കൊറോണ സ്ഥിരീകരിച്ച മുഴുവന്‍ തൊഴിലാളികളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് തൊഴിലാളികളിലേക്ക് അസുഖം പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളതായി നൂര്‍ ഹിഷാം റോയിട്ടേഴ്‌സിനോട് പറഞ്ഞു. അതേസമയം രാജ്യത്ത് കൊറോണ പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാതാവിന്റെ 41 ഫാക്ടറികളില്‍ 28 എണ്ണം മലേഷ്യന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടും. പകര്‍ച്ച വ്യാധി ആരംഭി്ച്ചതോടെ ടോപ് ഗ്ലൗവിന്റെ ഡിമാന്‍ഡ് കുത്തനെ വര്‍ദ്ധിച്ചിരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ടോപ് ഗ്ലൗവിന്റെ കയ്യുറകളും മറ്റ് സംരക്ഷണ ഉപകരണങ്ങളും ഓര്‍ഡര്‍ ചെയ്തിരുന്നു.

അതേസമയം കമ്പനിയുടെ ഓഹരി വില 350 ശതമാനത്തിലധികം ഉയര്‍ന്നപ്പോള്‍, തൊഴിലാളികള്‍ ജോലിസ്ഥലത്ത് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്ന ആരോപണങ്ങളും ശക്തമായി. ഒരുപാടു പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഡോര്‍മിറ്ററികളിലാണ് തൊളിലാളികള്‍ താമസിക്കുന്നതെന്നും ഇതുവഴി രോഗം പകരാനുള്ള സാധ്യത വളരെയധികമാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് കമ്പനിയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിവെക്കുന്നതായി ി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ജൂലൈയില്‍ പ്രഖ്യാപിച്ചു. നിലവില്‍ രാജ്യത്ത് 56,000 ല്‍ അധികം പോസിറ്റീവ് കേസുകളാണുള്ളത്. 337 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here