ബീജിംഗ് : അമേരിക്കയിൽ ട്രംപ് യുഗം അവസാനിക്കുമെന്ന് ഉറപ്പായതോടെ ചൈന മേഖലയിൽ കരുത്ത് കാട്ടാൻ തുടങ്ങി. ഓസ്‌ട്രേലിയയോടാണ് ആദ്യ ഘട്ടത്തിൽ ചൈന പ്രതികാരം തീർക്കുന്നത്. ഓസ്‌ട്രേലിയയിൽ നിന്നും 700 മില്യൺ ഡോളർ മൂല്യമുള്ള കൽക്കരിയുമായി എത്തിയ 53 കപ്പലുകളെയാണ് ചൈന തടഞ്ഞിട്ടിരിക്കുന്നത്. 5.7 ദശലക്ഷം ടൺ കൽക്കരിയാണ് ഈ കപ്പലുകളിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഓസ്‌ട്രേലിയ ചൈന വ്യാപാര ബന്ധത്തിൽ വലിയ വിള്ളലാണ് വീണിരിക്കുന്നത്. വടക്കൻ ചൈനയുടെ നിരവധി തുറമുഖങ്ങളിലാണ് കപ്പലുകൾ അടുക്കുവാനുള്ള അനുമതി കാത്ത് ദിവസങ്ങളായി നങ്കൂരമിട്ടിരിക്കുന്നത്. നൂറ് കണക്കിന് നാവികരും ഇതോടെ കുടുങ്ങിയിരിക്കുകയാണ്.

ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം കൽക്കരി വ്യാപാരത്തിലൂടെയാണ് രാജ്യത്തെ വരുമാനത്തിന്റെ നല്ലൊരു പങ്കും സ്വന്തമാക്കുന്നത്. ഓരോ വർഷവും 53 ബില്യൺ ഡോളറിലധികമാണ് കൽക്കരി കയറ്റുമതിയിലൂടെ സ്വന്തമാക്കുന്നത്. ഇരുമ്പയിര് കഴിഞ്ഞാൽ കൽക്കരി ഉത്പാദനത്തിനാണ് ഓസ്‌ട്രേലിയ കൂടുതൽ പ്രാധാന്യം നൽകുന്നത്. ചൈന ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം വലിയൊരു വിപണിയാണ്. കഴിഞ്ഞ വർഷം 10 ബില്യൺ ഡോളറിന്റെ കുക്കിംഗ് കോളും 7 ബില്യൺ ഡോളർ താപ കൽക്കരിയും ചൈന ഓസ്‌ട്രേലിയയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നു.ലോകമെമ്പാടും കൊവിഡ് വ്യാപനത്താൽ വ്യവസായ പ്രവർത്തനങ്ങൾ മന്ദീഭവിച്ചത് കൽക്കരിയുടെ ആവശ്യം കുറയ്ക്കുന്നതിന് കാരണമായി. ഇത് ഓസ്‌ട്രേലിയയെ പാഠം പഠിപ്പിക്കുവാനുള്ള അവസരമാക്കി ചൈന മാറ്റുന്നുണ്ടോ എന്നാണ് ഇപ്പോൾ വ്യവസായ രംഗത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ബാർലി, പഞ്ചസാര, റെഡ് വൈൻ, തടി, ചെമ്പ് തുടങ്ങിയ വസ്തുക്കൾ ഓസ്‌ട്രേലിയയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത് നിർത്തണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി അനൗപചാരികമായി ചൈനീസ് വ്യാപാരികളോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

വിനയായത് കൊവിഡ് ആരോപണം
ഓസ്‌ട്രേലിയയ്ക്ക് നേരെ വാളോങ്ങാൻ ചൈനയെ പ്രേരിപ്പിച്ചത് കൊവിഡ് കാലത്തെ ആരോപണമാണെന്ന് കരുതാം. ചൈനയിൽ നിന്നും ലോകമെമ്പാടും കൊവിഡ് വ്യാപിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഓസ്‌ട്രേലിയ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കൊവിഡിനെ ചൈനാ വൈറസ് എന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ട്രംപിന് കിട്ടിയ വലിയ പിന്തുണയായിരുന്നു ഈ ആവശ്യം. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ പ്രസ്താവനയ്ക്ക് മറുപടി ചൈന കണ്ടെത്തിയത് പക്ഷേ കൽക്കരിയിലായിരുന്നു.

മലബാർ അഭ്യാസം പ്രകോപിപ്പിച്ചു
ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച ക്വാഡ് അടുത്തിടെ ചൈനയെ ഏറെ പ്രകോപിപ്പിച്ചിരുന്നു. ക്വാഡിന്റെ പ്രവർത്തനത്തെ ഒന്നിപ്പിക്കുന്ന ഘടകം തന്നെ ചൈന വിരുദ്ധതയാണ്. വർഷങ്ങളായി ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന മലബാർ നാവിക അഭ്യാസത്തിൽ ഈ വർഷം മുതൽ ഓസ്‌ട്രേലിയയും പങ്കാളിയായി. ഇതും ചൈനയുടെ കോപം ഇരട്ടിക്കുവാൻ കാരണമായി.

ഹുവാവേ തടഞ്ഞതു മുതൽ പ്രശ്നങ്ങൾ
സുരക്ഷാ ആശങ്കകളുടെ അടിസ്ഥാനത്തിൽ 2018 ൽ ഓസ്‌ട്രേലിയ രാജ്യത്തെ 5 ജി നെറ്റ്‌വർക്ക് വികസിപ്പിക്കുന്ന പ്രവൃത്തിയിൽ നിന്നും ചൈനീസ് കമ്പനിയായ ഹുവാവോയെ തടഞ്ഞിരുന്നു. ഇത് ചൈനയെ പ്രകോപിപ്പിച്ചു. ഇതേ തുടർന്ന് ഓസ്‌ട്രേലിയൻ ബാർലിക്ക് 80 ശതമാനം തീരുവ ഏർപ്പെടുത്തിയ ചൈന ഇവിടെ നിന്നുള്ള ഗോമാംസം ഇറക്കുമതിയും നിർത്തിവച്ചിരുന്നു.എന്നാൽ കൽക്കരി വഹിക്കുന്ന കപ്പലുകൾക്ക് അനാവശ്യ തടസമുണ്ടാക്കുന്ന ചൈനീസ് ശ്രമങ്ങളെ സമചിത്തതയോടെയും വിട്ടു വിഴ്ചയില്ലാത്തതുമായ സമീപനമാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നത്.
‘ഞങ്ങൾക്ക് സാദ്ധ്യമായ ഏറ്റവും മികച്ച ഫലം ലഭിക്കുന്നതിന് ഞങ്ങൾ ചൈനീസ് സർക്കാരുമായി പ്രവർത്തിക്കും, തർക്കങ്ങൾ പരിഹരിക്കുന്നതിന് വിദഗ്ദ്ധ വ്യാപാര ചർച്ചകൾ നടത്തുകയാണെന്ന് ‘ പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഏകപക്ഷീയമായി വ്യാപാര കരാറുകളുടെ ലംഘനം നടത്തുവാൻ ചൈനയ്ക്ക് കഴിയുകയില്ല. അതിനാൽ തന്നെ മറ്റു വഴികളിലൂടെ കൽക്കരിയുടെ ഗുണനിലവാരം, പരിസ്ഥിതി മാനദണ്ഡങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി താത്പര്യങ്ങൾ സംരക്ഷിക്കുവാനാണ് ചൈനീസ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here