ലണ്ടൻ : ലോകമെമ്പാടും ഇസ്ളാമിക ഭരണം ലക്ഷ്യം വച്ച് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഐസിസിന്റെ ശക്തി ക്ഷയിച്ചിരിക്കുകയാണിപ്പോൾ. ഒരു ഘട്ടത്തിൽ ഇറാഖിലും സിറിയയിലും ഭരണകൂടത്തെ അട്ടിമറിക്കുന്ന അവസ്ഥയിൽ ശക്തരായിരുന്നു അവർ. അമേരിക്കയുടെ പ്രത്യേക ഓപ്പറേഷനിലൂടെ ഐസിസ് തലവനെയും സിറിയയിൽ വച്ച് കൊലപ്പെടുത്തിയതോടെ ലോക സമാധാനത്തിന് ഭീഷണിയായി വളർന്ന ഐസിസ് ഇറാഖിലും സിറിയയിലും അടിയറവ് പറയേണ്ടി വന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മതാന്ധതയിൽ കാഴ്ച നഷ്ടമായ ആയിരക്കണക്കിന് ആളുകളാണ് ഐസിസിൽ ചേരുന്നതിനായി സിറിയയിലും ഇറാഖിലും എത്തിച്ചേർന്നത്. പലരും കുടുംബത്തെയും കൂട്ടിയാണ് എത്തിയത്. വിശുദ്ധ യുദ്ധമെന്ന് വിശേഷിപ്പിച്ച് ചാവേറുകളായും, യുദ്ധത്തിലും ഇവരിൽ നല്ലൊരു പങ്കും മരണപ്പെടുകയായിരുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയ പുരുഷൻമാർ കൊല്ലപ്പെട്ടതോടെ അവർക്കൊപ്പമെത്തിയ സ്ത്രീകളും കുട്ടികളുമാണ് ഇപ്പോൾ സിറിയയിലെ ക്യാമ്പുകളിൽ നരക ജീവിതം നയിക്കുന്നത്. യു കെ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും നിരവധി യുവതികളാണ് ഐസിസിൽ ആകൃഷ്ടരായി എത്തിയത്. എന്നാൽ ഇപ്പോൾ ഇവരിൽ പലരും നിരവധി കുട്ടികളുടെ മാതാക്കളാണെന്നതാണ് വസ്തുത. ഐസിസ് ഭീകരരായ ഭർത്താക്കൻമാർ യുദ്ധത്തിൽ കൊല്ലപ്പെട്ടതോടെ ഇവരിൽ പലരും തിരികെ മാതൃരാജ്യത്തിലേക്ക് മടങ്ങാൻ താത്പര്യം കാണിച്ചുവെങ്കിലും യു കെ അടക്കമുള്ള രാജ്യങ്ങൾ ഇതിന് അനുമതി നൽകിയില്ല. ഇതേ തുടർന്ന് ഇവർ സിറിയയിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ തുടരുകയാണ് ഇപ്പോൾ. എന്നാൽ ഈ ക്യാമ്പുകളിലെ അവസ്ഥ അതി ദയനീയമാണെന്നും, ഇവിടെ വച്ച് സ്ത്രീകളെ ഗാർഡുകൾ ലൈംഗികമായി പീഡിപ്പിക്കുന്നതായും ദി സൺ റിപ്പോർട്ട് ചെയ്യുന്നു.

13,500 ലധികം വിദേശ സ്ത്രീകളെയും കുട്ടികളെയുമാണ് സിറിയയിലെ രണ്ട് ക്യാമ്പുകളിലായി പാർപ്പിച്ചിട്ടുള്ളത്. ഇതിൽ യുകെയിൽ നിന്നുള്ള നൂറുകണക്കിന് കണക്കിന് സ്ത്രീകളെയും കുട്ടികളെയും കുർദിഷ് സൈന്യം തടഞ്ഞുവച്ചിട്ടുണ്ട്. ഗ്വാണ്ടനാമോ രീതിയിൽ നിർമ്മിച്ചിട്ടുള്ള ജയിൽ ക്യാമ്പുകളിൽ കാവൽ നിൽക്കുന്ന ഗാർഡുകൾ പതിവായി തടവുകാരെ പീഡിപ്പിക്കുന്നുണ്ട്. ഇവരിൽ എണ്ണായിരത്തോളം പേർ കുട്ടികളാണ്, ഇവർ പട്ടിണി കിടക്കുന്നത് പതിവാണ്, പോഷകാഹാരക്കുറവ്, നിർജ്ജലീകരണം, മഞ്ഞപ്പിത്തം എന്നിവയാൽ ബുദ്ധിമുട്ടുകയുമാണ് ഇവിടെയുള്ളവർ. പത്ത് വയസിന് മുകളിൽ പ്രായമുള്ള ആൺകുട്ടികളെ അവരുടെ മാതാക്കളിൽ നിന്നും വേർപെടുത്തുന്നുണ്ട്.

ഇത്തരം അടിച്ചമർത്തലുകൾ ഭാവിയിൽ സിറിയൻ ക്യാമ്പുകളിൽ പുതിയ തലമുറ ജിഹാദികളെ വളർത്താനെ ഉപകരിക്കുകയുള്ളുവെന്നും റിപ്പോർട്ടുകളുണ്ട്.അൽ ഹാവിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ ചുരുങ്ങിയത് 25 ഓളം പേരാണ് ഒരു മാസം വിവിധ അസുഖങ്ങളാൽ മരണപ്പെടുന്നത്. അടുത്തിടെ ലണ്ടൻ ആസ്ഥാനമായുള്ള ചാരിറ്റി സംഘടനയായ റൈറ്റ്സ് ആൻഡ് സെക്യൂരിറ്റി ഇന്റർനാഷണലിന്റെ (ആർഎസ്‌ഐ) നേതൃത്വത്തിൽ ക്യാമ്പുകളുടെ അവസ്ഥ പഠിക്കാൻ ഒരു ഗവേഷകനെ അയച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് പ്രകാരം അടിസ്ഥാനപരമായി സുരക്ഷിതമല്ലാത്ത അന്തരീക്ഷമാണ് ക്യാമ്പുകളിൽ നിലനിൽക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ക്യാമ്പുകളിലെ കൂടാരങ്ങൾക്ക് തീപിടിച്ച് നിരവധി തടവുകാർ കൊല്ലപ്പെട്ടിരുന്നു. തടവുകാരിൽ വിധവകളായ ഐസിസ് ഭാര്യമാർക്കാണ് ഏറെ പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here