ടെഹ്റാൻ: ഇറാനിലെ സർവാദരണീയനായ ആണവ ശാസ്‌ത്രജ്ഞൻ മൊഹ്സീൻ ഫക്രിസദേയും അൽ ഖ്വയ്‌ദയിലെ രണ്ടാമനായ മുഹമ്മദ് അൽ മസ്രിയും മകളും ദിവസങ്ങൾക്കകം ഇറാനിൽ വച്ച് വധിക്കപ്പെട്ടു. ഇരു വധങ്ങളുടെയും പിന്നിൽ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ആണെന്ന് ആരോപണം ഇറാനിൽ വ്യാപകമായി ഉയർന്നിട്ടുണ്ട്.59 വയസുകാരനായ മൊഹ്‌സീൻ ഭൗതികശാസ്‌ത്രജ്ഞൻ ആയിരുന്നു.ടെഹ്‌റാനിലെ ഇമാം ഹുസൈൻ സർവകലാശാലയിലെ പ്രൊഫസറും. ഇറാന്റെ ആണവ പദ്ധതിയായ ‘അമാദ്'(പ്രതീക്ഷ എന്നർത്ഥം) നയിച്ചിരുന്നത് മൊഹ്സീൻ ആണെന്നാണ് വിവരം. ഇറാൻ ഇത് നിരസിക്കുന്നെങ്കിലും 2007 മുതൽ ഈ പദ്ധതി നയിക്കുന്നത് മൊഹ്‌സീൻ ആണെന്നാണ് അമേരിക്ക കണ്ടെത്തിയിരിക്കുന്നത്.സമാധാന പദ്ധതിയാണ് ഇതെന്ന് പറയുമ്പോഴും പാശ്ചാത്യ രാജ്യങ്ങളും ഇസ്രായേലും ഇറാന്റെ ആണവായുധ പദ്ധതിയാണ് അമാദ് എന്ന് ആരോപിച്ചു പോന്നു.

2015ൽ ആണവ സമ്പുഷ്‌ടീകരണ നടപടികൾ ഇറാൻ മരവിപ്പിച്ചെങ്കിലും മൊഹ്‌സീന്റെ നേതൃത്വത്തിൽ ഈ പ്രക്രിയ രഹസ്യമായി തുടർന്നുപോന്നിരുന്നതായാണ് ഇവർ കരുതുന്നത്.ഇസ്രായേലാണ് ഫക്രിസദേയുടെ മരണത്തിന് കാരണമെന്ന് പറയപ്പെടുമ്പോഴും അതിന് തെളിവായി ഒന്നും കണ്ടെത്താൻ ഇതുവരെ ഇറാന് കഴിഞ്ഞിട്ടില്ല. മൊസാദിന്റെ ദീർഘകാലമായുള‌ള നോട്ടപ്പുള‌ളിയായിരുന്നു മൊഹ്‌സിൻ. ഇസ്രായേലിന് ഈ കാര്യത്തിൽ പരിപൂർണ പിന്തുണയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്നത്. ഇറാന്റെ ആണവ പദ്ധതി ആക്രമിക്കാൻ ട്രംപ് തീരുമാനിച്ചിരുന്നു.എന്നാൽ വിദഗ്‌ധർ ഈ നീക്കം വലിയ കുഴപ്പമാകുമെന്ന് അറിയിച്ചതിനെ തുടർന്നാണ് ട്രംപ് ആ പദ്ധതി വേണ്ടെന്നുവച്ചത്. എന്നാൽ ജനുവരി മാസത്തിൽ ഓഫീസിൽ നിന്നും ഇറങ്ങും മുൻപ് ഒരിക്കൽകൂടി ഇറാനെ ആക്രമിക്കാൻ ട്രംപ് ഉത്തരവിടാൻ സാദ്ധ്യതയുണ്ട്.മൊഹ്സീനാണ് ഇറാന്റെ ആണവ പദ്ധതിയുടെ തലവനെന്ന് ഇസ്രായേലും അമേരിക്കയും ഒരുപോലെ വാദിച്ചിരുന്നു.

2018ൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാന്റെ ആണവായുധ പദ്ധതിയുടെ ഡയറക്‌ടർ ആണ് മൊഹ്സീനെന്ന് പേര് എടുത്തുപറഞ്ഞു. ‘ഫക്രിസദേ എന്ന പേര് ഓർത്തുവയ്‌ക്കണം.’ എന്നും നെതന്യാഹു പറഞ്ഞു.ഫക്രിസദെയുടെ മരണം ഇറാന്റെ ആണവ പദ്ധതിയെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് വിദഗ്‌ധരിൽ രണ്ട് അഭിപ്രായമാണ്. ചാനൽ 12 അഭിപ്രായപ്പെടുന്നതനുസരിച്ച് ഇറാൻ ആണവപദ്ധതിയുടെ പിതാവാണ് ഫക്രിസദേ. ഇറാനിൽ വളരെ സംരക്ഷിക്കപ്പെട്ടിരുന്ന ആളുകളിൽ ഒരാളായിരുന്നു മൊഹ്സീൻ. അദ്ദേഹമില്ലാതെ ആണവ പദ്ധതിയുടെ പുരോഗതി വളരെ പ്രയാസകരമായിരിക്കും എന്ന് ഒരഭിപ്രായമുണ്ട്. എന്നാൽ ആണവ പദ്ധതിയിലെ ശാസ്ത്രജ്ഞർക്ക് ആർക്കും ഇത് ഏ‌റ്റെടുക്കാവുന്നതേയുള‌ളു എന്ന അഭിപ്രായവും മറ്റു ചില വിദഗ്ധർക്കുണ്ട്.മുൻപും ഇറാന്റെ മുൻനിര ശാസ്ത്ര‌ജ്ഞരെ വധിച്ചതിന് പിന്നിൽ ഇസ്രായേലാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.

ഇറാനിയൻ വിദേശകാര്യമന്ത്രിയായ ജാവേദ് ഷരീഫ്, മൊഹ്സീന്റെ വധത്തിലും ഇസ്രായേലിന്റെ പങ്കുണ്ടെന്ന് ഗൗരവമായി സംശയിക്കാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇറാന്റെ ആണവശാസ്ത്ര‌ജ്‌ഞനായിരുന്ന മജീദ് ഷഹ്‌രിയാരിയുടെ വധത്തിന്റെ പത്താം വാർഷികത്തിന് ദിവസങ്ങൾ മുൻപാണ് മൊഹ്‌സീൻ കൊല്ലപ്പെട്ടിരിക്കുന്നത്. എന്തായാലും‌ ഫക്രിസദെയുടെ വധത്തിന് പ്രതികാരം ചെയ്യണമെന്ന മുറവിളി ഇറാനിൽ നിന്നും ഉയരുന്നുണ്ട്. ഇറാനിലെ സമാന്തരസൈനിക വിഭാഗത്തിലെ മുൻ അംഗവും ഇറാന്റെ പരമോന്നത നേതാവ് അലി ഖമൈനിയുടെ ഉപദേഷ്‌ടാവുമായ ഹൊസൈൻ ഡെഹ്‌ഗാൻ, ഫക്രിസദെയെ വധിച്ചവർക്കുമേൽ മിന്നൽ പോലെ ആക്രമിക്കും എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here