ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മത്സരങ്ങളിൽ വിജയം നേടി ലിവർപൂളും എഫ്.സി പോർട്ടോയും പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചപ്പോൾ ഗ്രൂപ്പ് റൗണ്ടിൽ ഒരിക്കൽക്കൂടി ഉക്രേനിയൻ ക്ളബ് ഷാക്തർ ഡോണെസ്കിനോട് തോറ്റ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന്റെ നോക്കൗട്ട് സാദ്ധ്യതകൾ തുലാസിലായി.മറുപടിയില്ലാത്ത ഒരു ഗോളിന് ഡച്ച് ക്ളബ് അയാക്സിനെ തോൽപ്പിച്ച് അഞ്ചു കളികളിൽ നിന്ന് 12 പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തുകയായിരുന്നു ഇംഗ്ളീഷ് ക്ളബ് ലിവർപൂൾ.സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 58-ാം മിനിട്ടിൽ കൗമാരതാരം കുർട്ടിസ് ജോൺസാണ് ലിവർപൂളിന്റെ വിജയഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ മൈറ്റിലാൻഡുമായി 1-1ന് സമനിലയിൽ പിരിഞ്ഞ ഇറ്റാലിയൻ ക്ളബ് അറ്റലാന്റ എട്ടു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതുണ്ട്.ഏഴു പോയിന്റുമായി അയാക്സ് മൂന്നാമതാണ്.ഗ്രൂപ്പ് എയിൽ നേരത്തേ നോക്കൗട്ട് ഉറപ്പിച്ചിരുന്ന നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ 1-1ന് സമനിലയിൽ തളച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് നോക്കൗട്ട് സാദ്ധ്യത വർദ്ധിപ്പിച്ചു. സ്വന്തം തട്ടകത്തിൽ നടന്ന മത്സത്തിന്റെ 26-ാം മിനിട്ടിൽ യാവോ ഫെലിക്സിലൂടെ അത്‌ലറ്റിക്കോയാണ് ആദ്യം മുന്നിലെത്തിയിരുന്നത്. 86-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ തോമസ് മുള്ളറാണ് സമനില പിടിച്ചെടുത്തത്. ഗ്രൂപ്പ് സിയിൽ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയെ ഗോൾരഹിത സമനിലയിൽ തളച്ചാണ് എഫ്.സി പോർട്ടോ രണ്ടാം സ്ഥാനവും നോക്കൗട്ട് സ്പോട്ടും ഉറപ്പിച്ചത്. സിറ്റിക്ക് 13പോയിന്റും പോർട്ടോയ്ക്ക് 10പോയിന്റുമണുള്ളത്.ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ 2-3ന് സ്വന്തം തട്ടകത്തിൽ ഷാക്തറിനോട് തോറ്റിരുന്ന റയൽ എവേ മാച്ചിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് കീഴടങ്ങിയത്.ഇതോടെ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ജയിച്ചാലും പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പില്ലാത്ത സ്ഥിതിയിലായി റയൽ. 57-ാം മിനിട്ടിൽ ഡെന്റീഞ്ഞോയും 82-ാം മിനിട്ടിൽ സോളമനുമാണ് ഷാക്തറിന് വേണ്ടി സ്കോർ ചെയ്തത്.ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇന്റർ മിലാൻ 3-2ന് ബൊറൂഷ്യ മോൺഷെംഗ്ളാബാഷിനെ തോൽപ്പിച്ചു.

റയലിന്റെ വിറയൽ
ഗ്രൂപ്പ് ബിയിൽ നിന്ന് ഏതൊക്കെ രണ്ട് ടീമുകളാണ് നോക്കൗട്ടിലെത്തുക എന്നത് ഇപ്പോഴും സസ്പെൻസാണ്. അഞ്ചു മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ടു പോയിന്റുമായി ബൊറൂഷ്യ ഒന്നാം സ്ഥാനത്ത്. ഏഴു പോയിന്റുമായി ഷാക്തർ,റയൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.അഞ്ചുപോയിന്റുമായി ഇന്റർ മിലാൻ നാലാമത്. ഗ്രൂപ്പിലെ അവസാന റൗണ്ട് പോരാട്ടങ്ങളിൽ ഷാക്തറിന് ഇന്റർ മിലാനും റയലിന് ബൊറൂഷ്യയുമാണ് എതിരാളികൾ. ഈ മത്സരങ്ങളിലെ വിജയം മാത്രം ആർക്കും പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പുനൽകില്ല. ഗ്രൂപ്പ് പോയിന്റ് നില നിർണായകമാകും.

മത്സരഫലങ്ങൾ
ലിവർപൂൾ 1- അയാക്സ് 0
ഷാക്തർ 2-റയൽ 0
സാൽസ്ബർഗ് 3- മോസ്കാവ 1
അറ്റലാന്റ 1-മൈറ്റിലാൻഡ് 1
ഇന്റർ മിലാൻ 3- ബൊറൂഷ്യ 2
ബയേൺ 1-അത്‌ലറ്റിക്കോ 1
പോർട്ടോ 0-മാഞ്ചസ്റ്റർ സിറ്റി 1

LEAVE A REPLY

Please enter your comment!
Please enter your name here