ദോഹ: വേനല്ക്കാല ഒളിമ്പിക്സിന് ആതിഥേയരാകാനുള്ള ലക്ഷ്യത്തിലാണ് ഖത്തറെന്ന് ഖത്തര് ഒളിമ്പിക് കമ്മിറ്റി. ഒളിമ്പിക്സിന് പുറമെ കൂടുതല് മത്സരങ്ങള് ഏറ്റെടുത്ത് നടത്താനും ലക്ഷ്യമിടുന്നുണ്ട്. 2028- നകം ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാനുള്ള ലേലം ഖത്തര് നേടുമെന്നതില് സംശയമില്ലെന്ന് ഖത്തര് ഒളിമ്പിക്സ് കമ്മിറ്റി സെക്രട്ടറി ജനറല് ഡോ. താനി അല് ഖുവാരി പറഞ്ഞു.

ഏതെങ്കിലും ഒരു ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സ്പോര്ട്സ് ലേഖകന്മാരുടെ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു ഡോ.താനി അല് ഖുവാരി.
ഒളിമ്പിക്സിന് വേണ്ട സൗകര്യം നിര്മിക്കുന്നതിന്റെ തിരക്കിലാണ് ഖത്തര്.

2019-ലെ ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പ്, 2022-ലെ ഫുട്ബോള് ലോക കപ്പ്, 2023- ലെ ഫിന ലോക നീന്തല് ചാമ്പ്യന്ഷിപ്പ് എന്നിവയ്ക്ക് വേണ്ട സൗകര്യങ്ങളാണ് നിര്മിക്കുന്നത്.കഴിഞ്ഞ 12 മാസമായി ലോക ഹാന്ഡ്ബോള് ചാമ്പ്യന്ഷിപ്പ്, വികലാംഗ താരങ്ങള്ക്കായുള്ള ലോക ചാമ്പ്യന്ഷിപ്പ് എന്നിവയ്ക്ക് ഖത്തര് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

2022-ലെ ലോക കപ്പ് മത്സരങ്ങളുടെ വേദികളിലൊന്നായ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് 2019-ലെ അത്ലറ്റിക് ചാമ്പ്യന്ഷിപ്പ് നടക്കുന്നത്. ദോഹ മെട്രോ ഉള്പ്പെടെ ലോക കപ്പിനായി കോടിക്കണക്കിന് ഡോളറിന്റെ പദ്ധതിയാണ് ഖത്തര് നടപ്പാക്കുന്നത്.

നേരത്തെ 2020-ലെ വേനല്ക്കാല ഒളിമ്പിക്സിന്റെ ആതിഥേയത്വം നേടാന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജപ്പാനാണ് ലേലം നേടിയത്. 2024-ലെ മത്സരങ്ങളുടെ ലേലം പിടിക്കാമെന്ന് ഖത്തര് പ്രതീക്ഷിച്ചെങ്കിലും അവസാനം തീരുമാനം മാറ്റി. എല്ലാ മേഖലകളിലും തങ്ങള് ശക്തരാണെന്നത് ഉറപ്പാക്കുന്നതിനു വേണ്ടിയാണ് അത്തരത്തില് തീരുമാനമെടുത്തതെന്ന് ഖുവാരി പറഞ്ഞു.

ലോക കപ്പ് കളിക്കാര്ക്കും കാണികള്ക്കുമായി എയര് കണ്ടീഷന് ചെയ്ത സ്റ്റേഡിയങ്ങളാണ് ഒരുക്കുന്നത്. 2022 നവംബര്-ഡിസംബര് മാസത്തിലേക്ക് ലോകകപ്പ് മത്സരം മാറ്റാന് കഴിഞ്ഞ വര്ഷമാണ് ഫിഫ തീരുമാനിച്ചത്. നേരത്തെ വേനല്ക്കാലത്ത് നടത്താനായിരുന്നു തീരുമാനിച്ചത്. വേനല്കാലത്ത് താപനില 50 ഡിഗ്രി സെല്ഷ്യസിലെത്തുമെന്നുള്ളതിനാലാണ് തീരുമാനം മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here