ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ആരാണ്? ആരാധകരുടെ ഉത്തരങ്ങൾ വ്യത്യസ്തമായിരിക്കാം. എങ്കിലും അതിൽ ഭൂരിപക്ഷം പേരുടേയും ലിസ്റ്റിൽ എം.എസ്.ധോണി ഉണ്ടാകാതിരിക്കില്ല എന്നത് വസ്തുതയാണ്. ഐസിസിയുടെ പ്രധാനപ്പെട്ട മൂന്നു ട്രോഫികളും ഇന്ത്യൻ ക്രിക്കറ്റിന് നേടിത്തന്ന ‘ക്യാപ്റ്റൻ കൂൾ’ ആണ് ധോണി. ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തുന്നതും ധോണിയുടെ നേതൃത്വത്തിൽ തന്നെ. 2004 ഡിസംബർ 23നായിരുന്നു ധോണിയുടെ ഏകദിന അരങ്ങേറ്റം. ഇന്നേയ്ക്ക് കൃത്യം 16 വർഷം മുൻപ്. നീട്ടിവളർത്തിയ മുടിയുമായി ടീമിൽ എത്തി, പിന്നീട് ഇതിഹാസ താരമായി മാറിയ ധോണിയെക്കുറിച്ചുള്ള തന്റെ ആദ്യ വിലയിരുത്തൽ എങ്ങനെയായിരുന്നെന്ന് ഇപ്പോൾ തുറന്നപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ധോണിയുടെ ഏകദിന അരങ്ങേറ്റ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ചായിരുന്നു മുഹമ്മദ് കൈഫ്. മത്സരത്തിൽ കൈഫ് 111 പന്തിൽ നേടിയ 80 റൺസിന്റെ ബലത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലദേശിനെ തകർത്തത്. മത്സരത്തിൽ ഒരു പന്ത് മാത്രം നേരിട്ട ധോണി, സംപൂജ്യനായി റണ്ണൗട്ടാകുകയായിരുന്നു.

‘ആദ്യമായി ധോണിയെ കാണുമ്പോൾ, ഞാൻ ദുലീപ് ട്രോഫിയിലെ സെൻട്രൽ സോണിന്റെ ക്യാപ്റ്റനായിരുന്നു. ഈസ്റ്റ് സോണിന്റെ വിക്കറ്റ് കീപ്പറായിരുന്നു ധോണി. ഇന്ത്യ എ ടീമിനായും അദ്ദേഹം കളിച്ചിട്ടുണ്ട്.’ – കൈഫ് പറഞ്ഞു. ബംഗ്ലദേശിനെതിരായ മത്സരത്തിന് മുൻപ് തന്റെ ഒരു സുഹൃത്ത് ധോണിയുടെ ബാറ്റിങ് മികവിനെക്കുറിച്ച് എന്നോട് വാചാലനായി. പിന്നീട് ധോണിയുടെ ക്യാപ്റ്റൻസിയുടെ കീഴിൽ കളിച്ച യുവ്‌രാജ്, സേവാഗ്, സഹീർ ഖാൻ, ഹർഭജൻ സിങ് ഉൾപ്പെടെയുള്ളവർ അന്ന് ടീമിൽ അംഗങ്ങളായിരുന്നു. അദ്ദേഹം ഇത്രയും മികച്ച നായകനാകുമെന്ന് യഥാർഥത്തിൽ താൻ കരുതിയില്ലെന്നും കൈഫ് പറഞ്ഞു.

‘ലക്‌നൗവിൽ എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു, ‘കൈഫ്, ഒരു കളിക്കാരനുണ്ട്. അവനെ ശ്രദ്ധിക്കണം. അവന് നീളമുള്ള മുടിയുണ്ട്, അദ്ദേഹത്തെപ്പോലെ ആരും സിക്സറുകൾ അടിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അക്കാലത്ത് കളിച്ച ഞങ്ങളെല്ലാവരും – ഞാൻ, സഹീർ, ഹർഭജൻ, സേവാഗ് എന്നിവർ ധോണി ഇത്രയും മികച്ച ക്യാപ്റ്റൻ ആകുമെന്നും ഇന്ത്യൻ ക്രിക്കറ്റിനെ ഇത്രയും ഉയരങ്ങളിലേക്ക് എത്തിക്കമെന്നും കരുതിയില്ല.’ – കൈഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here