തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനുള്ള വാക്സീൻ ദൗത്യത്തിന് കേരളത്തിന്റെ ഒരുക്കം അന്തിമഘട്ടത്തിൽ. അടുത്ത മാസം അവസാനത്തോടെ കേന്ദ്രസർക്കാർ വാക്സീൻ വിതരണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. കോവിഡ് വാക്സീൻ നൽകുന്നതിനായുള്ള ആരോഗ്യ പ്രവർത്തകരുടെ റജിസ്ട്രേഷൻ ഏതാണ്ടു പൂർത്തിയായി. സർക്കാർ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലെയും (4064) സ്വകാര്യ മേഖലയിലെ 85% സ്ഥാപനങ്ങളിലെയും (4557) ജീവനക്കാരുടെ ജില്ലാതല റജിസ്ട്രേഷൻ പൂർത്തിയായി.

തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ റജിസ്റ്റർ ചെയ്തു. ശേഷിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവർത്തകരും എത്രയും വേഗം റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ നിർദേശിച്ചു.

∙ ആദ്യ വാക്സീൻ ആരോഗ്യപ്രവർത്തകർക്ക്
മോഡേൺ മെഡിസിൻ, ആയുഷ് മേഖലയിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ സ്ഥിര–താൽക്കാലിക ജോലി ചെയ്യുന്ന എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർ, നഴ്സിങ്, പാരാ മെഡിക്കൽ ഉൾപ്പെടെ എല്ലാത്തരം മെഡിക്കൽ കോഴ്സുകളും പഠിക്കുന്ന വിദ്യാർഥികൾ, 27,000 ആശ വർക്കർമാർ, 33,000 അങ്കണവാടി ജീവനക്കാർ, ഐസിഡിഎസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് വാക്സീൻ വിതരണത്തിൽ മുൻഗണന.

പൊലീസ്, കേന്ദ്രസായുധസേന, ആർമി, മുൻസിപ്പൽ വർക്കർമാർ എന്നിവരാണ് 2–ാമത്തെ മുൻഗണനാപട്ടികയിൽ. മൂന്നാമത്തെ വിഭാഗത്തിൽ 50 വയസിനു മുകളിലുള്ളവരാണുള്ളത്. 50 വയസിനു താഴെ പ്രായത്തിലുള്ള മാരകരോഗികളാണ് 4–ാമത്തെ മുൻഗണനാവിഭാഗം.

∙ ആദ്യം ലഭിക്കുക കോവിഷീൽഡ്
കേരളത്തിന് ആദ്യ ഘട്ടത്തിൽ ലഭിക്കുക ഓക്സ്ഫഡിന്റെ കോവിഷീൽഡ് വാക്സീൻ ആയിരിക്കുമെന്നാണ് സംസ്ഥാന സർക്കാരിനു ലഭിച്ച വിവരം. റഷ്യയുടെ സ്പുട്നിക് 5 വാക്സീനും വൈകാതെ എത്തിയേക്കും. യുഎസിലും ബ്രിട്ടനിലും ഉൾപ്പെടെ കുത്തിവയ്പ് ആരംഭിച്ച ഫൈസർ വാക്സീൻ മൈനസ് 70 ഡിഗ്രിയിൽ സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നും ആരോഗ്യ വകുപ്പ് സർക്കാരിനെ അറിയിച്ചു. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്സീൻ ലഭിക്കുമോ എന്നത് വ്യക്തമല്ല.
ഓക്സ്ഫഡ് സർവകലാശാല, സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേർന്നു വികസിപ്പിച്ചതാണ് കോവിഷീൽഡ്. ഇതിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയെങ്കിലും അന്തിമ റിപ്പോർട്ട് വന്നിട്ടില്ല. സ്പുട്നിക് ഇപ്പോഴും രണ്ടാംഘട്ട പരീക്ഷണത്തിലാണ്. കോവാക്സീൻ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങി.

∙ 1240 കോൾഡ് ചെയിൻ പോയിന്റുകൾ
കോവിഡ് വാക്സീൻ സംഭരണത്തിനുള്ള ഒരുക്കങ്ങൾ ആരോഗ്യവകുപ്പ് പൂർത്തിയാക്കി. കേരളത്തിലെ 14 ജില്ലകളിലായി 1240 കോൾഡ് ചെയിൻ പോയിന്റുകൾ സജ്ജമാക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖല വാക്സീൻ സ്റ്റോറുകൾ ഒരുക്കും.

കോൾഡ് ചെയിൻ പോയിന്റുകളിൽ വാക്സീൻ സൂക്ഷിക്കാൻ 1589 ചെറിയ ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളും (ഐഎൽആർ) 69 വലിയ ഐഎൽആറുകളും 1540 ചെറിയ ഡീപ് ഫ്രീസറുകളും 10 വലിയ ഡീപ് ഫ്രീസറുകളും ഒരുക്കും. ആറു വാക്ക് ഇൻ കൂളറുകൾ, മൂന്നു വാക്ക് ഇൻ ഫ്രീസറുകൾ, 155 ഐഎൽആറുകൾ, 27 ഡീപ് ഫ്രീസറുകൾ, 1800 വാക്സീൻ കാരിയറുകൾ, 100 കോൾഡ് ബോക്സുകൾ എന്നിവ കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.
ജില്ലകളും കോൾഡ് ചെയിൻ പോയിന്റുകളും: തിരുവനന്തപുരം–107, കൊല്ലം–88, പത്തനംതിട്ട–62, ആലപ്പുഴ–89, എറണാകുളം–124, ഇടുക്കി–60, കോട്ടയം–86, തൃശൂർ–116, പാലക്കാട്–103, മലപ്പുറം–117, കോഴിക്കോട്–97, വയനാട്–35, കണ്ണൂർ–108, കാസർകോട്–48

∙ 7000 വാക്സിനേറ്റർമാർ
ആരോഗ്യവകുപ്പിനു കീഴിൽ നിലവിൽ 6915 വാക്സിനേറ്റർമാരാണുള്ളത്. റൂട്ടീൻ ഇമ്യൂണൈസേഷൻ പരിപാടിയിൽ വാക്സീൻ നൽകി പരിചയമുള്ളവരാണിവർ. 14 ജില്ലകളിലായി വാക്സീൻ നൽകാൻ സൗകര്യമുള്ള 13,420 സെഷൻ സൈറ്റുകളുണ്ട്. ആദ്യഘട്ടത്തിൽ ഇത്രയും സൗകര്യങ്ങൾ മതിയാകുമെങ്കിലും പിന്നീട് വാക്സിനേറ്റർമാരുടേയും സൈറ്റുകളുടേയും എണ്ണം വർധിപ്പിക്കേണ്ടിവരും.

∙ ഏകോപനം നാലു തലങ്ങളിൽ
വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നാലു തലത്തിലുള്ള സമിതികളാണു കേരളം രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനതല സ്റ്റിയറിങ് കമ്മിറ്റിക്കാണ് നേതൃത്വം. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ കീഴിലാണ് ഈ കമ്മിറ്റി. ഇതിനു കീഴിൽ സംസ്ഥാന, ജില്ല, ബ്ലോക്ക് തലങ്ങളിൽ ടാസ്ക് ഫോഴ്സുകൾ രൂപീകരിച്ചു. ഇതിനു പുറമെ വാക്സീൻ വിതരണത്തിന് ഉപദേശം നൽകാൻ സംസ്ഥാന സർക്കാർ പ്രത്യേക സമിതിക്കു രൂപം നൽകിയിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തിനായി സർക്കാർ രൂപവൽക്കരിച്ച ഡോ.ബി. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നിർദേശങ്ങളും സർക്കാർ തേടുന്നുണ്ട്. ആരോഗ്യവകുപ്പ് നിയോഗിച്ച സ്റ്റേറ്റ് നോഡൽ ഓഫിസറും സ്റ്റേറ്റ് അഡ്മിനുമാണ് നേരിട്ടുള്ള നിയന്ത്രണം. 14 ജില്ലകളിലും ജില്ലാ നോഡൽ അതോറിറ്റിയുണ്ട്. ആയുഷ്, ഹോമിയോ വിഭാഗങ്ങളിൽ പ്രത്യേക നോഡൽ ഓഫിസർമാരുണ്ട്.

∙ 5 വകുപ്പുകൾ
ആരോഗ്യവകുപ്പിനാണ് വാക്സിനേഷന്റെ നേതൃത്വമെങ്കിലും വനിതാ, ശിശുവികസനവകുപ്പ്, തദ്ദേശവകുപ്പ്, ഗ്രാമ–നഗരവികസനവകുപ്പ്, പിആർഡി എന്നിവർക്കും വാക്സിനേഷന്റെ ഉത്തരവാദിത്തങ്ങൾ വീതിച്ചുനൽകിയിട്ടുണ്ട്.

∙ സഹായിക്കാൻ യുഎൻഡിപി
വാക്സിനേഷനുള്ള സാങ്കേതിക പങ്കാളിയായി യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമിനെ (യുഎൻഡിപി) നിശ്ചയിച്ചു. പരിശീലനവും ഡേറ്റ മാനേജ്മെന്റും യുഎൻഡിപിയുടെ ചുമതലയിലായിരിക്കും. കോവിഡ് വാക്സീൻ വിതരണത്തിന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തും. സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലത്തിൽ വാക്സിനേഷനുള്ള പരിശീലനം പൂർത്തിയായി.

∙ കോ–വിൻ
കോവിഡ് വാക്സീൻ വിതരണത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് കോ–വിൻ. കേന്ദ്രസർക്കാരിന്റെ ഈ പ്ലാറ്റ്ഫോം വഴിയാണ് വാക്സീൻ വിതരണത്തിനുള്ള റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here