ഇന്ത്യ 18.5 ഓവറില് 101; ലങ്ക 18 ഓവറില് 5ന് 105

പുണെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില് ഇന്ത്യയ്ക്ക് തോല്വി. ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ 101 റണ്സിന് പുറത്താക്കിയ ലങ്ക 5 വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. അരങ്ങേറ്റക്കാരന് പേസ് ബൗളര് കസുണ് രജിതയാണ് കളിയിലെ താരം.
സ്കോര്: ഇന്ത്യ 18.5 ഓവറില് 101; ലങ്ക 18 ഓവറില് 5ന് 105. രജിതയുടെയും ദസുണ് ഷനകയുടെയും മൂന്നു വിക്കറ്റ് പ്രകടനങ്ങള്ക്കുമുന്നില് ഇന്ത്യ തകര്ന്നടിയുകയായിരുന്നു. മറ്റൊരു യുവ പേസ് ബൗളറായ ദുഷ്മന്ത ചമീര മൂന്നു വിക്കറ്റു നേടി. ഇന്ത്യന് നിരയില് മൂന്നുപേര് മാത്രമാണ് രണ്ടക്കം കണ്ടത്.
ആര്. അശ്വിന് (31*), സുരേഷ് റെയ്ന (20), യുവരാജ് സിങ് (10) എന്നിവരാണ് രണ്ടക്കം കടന്നത്. എക്സ്ട്രായിനത്തില് 11 റണ് കിട്ടി. ടോസ് ജയിച്ച് ഇന്ത്യയെ ബാറ്റിങ്ങിനുവിട്ട ലങ്കന് നായകന് ദിനേശ് ചാന്ഡിമലിന്റെ കണക്കുകൂട്ടല് തെറ്റിയില്ല. ആദ്യ ഓവര് ബൗള് ചെയ്യാന് നിയുക്തനായ രജിത കന്നി ഓവറില് രണ്ടു വിക്കറ്റ് പിഴുത് നായകന്റെ പ്രതീക്ഷ കാത്തു. രണ്ടാമത്തെ പന്തില് രോഹിത് ശര്മ (0) ചമീരയ്ക്ക് ക്യാച്ച് നല്കി മടങ്ങിയപ്പോള് ആറാമത്തെ പന്തില് അജിങ്ക്യ രഹാനെയും (4) രജിതയുടെ പന്തിന്റെ ഗതിവേഗം മനസ്സിലാക്കാനാവാതെ വിക്കറ്റു കളഞ്ഞു.
അഞ്ചു റണ്ണെടുക്കുമ്പോഴേക്കും രണ്ടു വിക്കറ്റ് നഷ്ടമായ ഇന്ത്യ ഇന്നിങ്സിന് അടിത്തറയിടാന് ശ്രമിക്കാതെ ആക്രമണത്തിന് മുതിരുന്നതാണ് കണ്ടത്. സ്കോര് 32-ല് നില്ക്കെ ശിഖര് ധവാനെ (9) മടക്കി രജിത മൂന്നാം വിക്കറ്റ് സ്വന്തമാക്കി. മധ്യനിര മറ്റൊരു കൂട്ടത്തകര്ച്ചയിലേക്ക് കൂപ്പുകുത്തിയപ്പോള് ഇന്ത്യ ട്വന്റി 20-യില് തങ്ങളുടെ ഏറ്റവും മോശം സ്കോറിലേക്ക് (72 റണ്സ്) നീങ്ങുകയാണെന്ന് തോന്നി.
ഒമ്പത് റണ്സ് ചേര്ക്കുന്നതിനിടെ നാല് വിക്കറ്റുകളഞ്ഞുകുളിച്ച് ഏഴിന് 58 എന്ന നിലയിലേക്ക് ആതിഥേയര് വീണു. റെയ്ന, യുവരാജ്, ധോനി (2), ഹര്ദിക് പാണ്ഡ്യ (2) എന്നിവരാണ് പുറത്തായവര്. വാലറ്റത്ത് അശ്വിന് (31 നോട്ടൗട്ട്) നെഹ്റ (6) യെ കൂട്ടുപിടിച്ച് നടത്തിയ പോരാട്ടമാണ് സ്കോര് നൂറു കടത്തിയത്.ശ്രീലങ്കയ്ക്കുവേണ്ടി ക്യാപ്റ്റന് ദിനേശ് ചാന്ഡിമല് (35), കപ്പുഗേദര (25), സിരിവര്ദ്ധന (21 നോട്ടൗട്ട്) എന്നിവര് നന്നായി ബാറ്റ് ചെയ്തു. നെഹ്റയും അശിനും രണ്ട് വിക്കറ്റ് വീതം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here