മൂന്നാം ടെസ്റ്റിൽ ആസ്ട്രേലിയ 338ന് ആൾഔട്ട്, സ്മിത്തിന് സെഞ്ച്വറി (131), ജഡേജയ്ക്ക് നാലുവിക്കറ്റ്
ഇന്ത്യ 96/2, ശുഭ്മാൻ ഗില്ലിന് അർദ്ധസെഞ്ച്വറി (50)

സിഡ്നി : മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കുതിച്ചുപായാനുള്ള ആസ്ട്രേലിയൻ ശ്രമങ്ങൾക്കിടയിലും പിടിവിട്ടുപോകാതെ ഇന്ത്യ. രണ്ടാം ദിവസമായ ഇന്നലെ 166/2 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനിറങ്ങിയ ഓസീസിനെ 338ൽ ആൾഔട്ടാക്കിയ ഇന്ത്യ കളി നിറുത്തുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ 96/2 എന്ന നിലയിലാണ്.ആദ്യ രണ്ട് മത്സരങ്ങളിലും അശ്വിന്റെ സ്പിന്നിനുമുന്നിൽ വട്ടം കറങ്ങിപ്പോയ സ്റ്റീവൻ സ്മിത്ത് ഇക്കുറി ഏറെ കരുതലോടെ നേടിയ സെഞ്ച്വറിയായിരുന്നു ആതിഥേയ ഇന്നിംഗ്സിന്റെ ഹൈലൈറ്റ്.131 റൺസാണ് സ്മിത്ത് നേടിയത്. ആദ്യ ദിനം അർദ്ധസെഞ്ച്വറിയിലെത്തിയിരുന്ന മാർനസ് ലബുഷാനെ ഇന്നലെ 91 റൺസിൽ പുറത്തായി. നാലുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ ബൗളിംഗിൽ തിളങ്ങിയത്. നേടിയ വിക്കറ്റുകളേക്കാൾ പ്രഭയായിരുന്നു സ്മിത്തിനെ റൺഔട്ടാക്കിയ ജഡേജയുടെ ത്രോയ്ക്ക്. ജസ്പ്രീത് ബുംറയും അരങ്ങേറ്റക്കാരൻ സെയ്നിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു. ഏറെ പ്രതീക്ഷയുണർത്തിയിരുന്ന അശ്വിന് വിക്കറ്റുകളൊന്നും കിട്ടിയില്ല.ശുഭ്മാൻ ഗില്ലിനൊപ്പം രോഹിത് ശർമ്മയാണ് ഇന്ത്യയ്ക്കായി ഓപ്പണിംഗിന് ഇറങ്ങിയത്.

രോഹിത് 26 റൺസെടുത്ത് പുറത്തായപ്പോൾ ഗിൽ ടെസ്റ്റ് കരിയറിലെ ആദ്യ അർദ്ധസെഞ്ച്വറി (50) നേടി മടങ്ങി. സ്റ്റംപെടുക്കുമ്പോൾ ഒൻപതുറൺസുമായി ചേതേശ്വർ പുജാരയും അഞ്ചു റൺസുമായി ക്യാപ്ടൻ രഹാനെയുമാണ് ക്രീസിൽ.ഇന്നലെ രാവിലെ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ സ്മിത്തും ലബുഷാനെയും തങ്ങളുടെ കൂട്ടുകെട്ട് കൃത്യം 100 റൺസിലെത്തിച്ച ശേഷമാണ് പിരിഞ്ഞത്.196 പന്തുകളിൽ 11ബൗണ്ടറികളടക്കം 91 റൺസെടുത്ത ലബുഷാനെയെ സ്ളിപ്പിൽ രഹാനെയുടെ കയ്യിലെത്തിച്ച് ജഡേജയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് നൽകിയത്. 206/3 എന്ന സ്കോറിലായിരുന്നു അപ്പോൾ ആസ്ട്രേലിയ.പിന്നീട് 132 റൺസ് കൂടി നേടുന്നതിനിടയിൽ അവശേഷിച്ച ഏഴുവിക്കറ്റുകളും വീഴ്ത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.സ്മിത്ത് ഒരറ്റത്ത് പോരാടവേ മാത്യു വേഡ്(13),കാമറൂൺ ഗ്രീൻ (0), ടിം പെയ്ൻ(1),പാറ്റ് കമ്മിൻസ് (0) എന്നിവരെ പെട്ടെന്ന് പുറത്താക്കിയതാണ് അന്തരീക്ഷം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റിയത്. വേഡിനെ ജഡേജയുടെ പന്തിൽ പിടികൂടിയ ബുംറ ഗ്രീനിനെ എൽ.ബിയിൽ കുരുക്കുകയും പെയ്നെ ബൗൾഡാക്കുകയുമായിരുന്നു. കമ്മിൻസിനെ ജഡേജയാണ് ക്ളീൻബൗൾഡാക്കിയത്. നേരിട്ട 201-ാമത്തെ പന്തിൽ സെഞ്ച്വറി തികച്ച സ്മിത്ത് 24 റൺസെടുത്ത മിച്ചൽ സ്റ്റാർക്കിന്റെ പിൻബലത്തിൽ ടീമിനെ 300 കടത്തി.കണ്ണുംപൂട്ടി വീശിത്തുടങ്ങിയ സ്റ്റാർക്കിനെ സെയ്നി ഗില്ലിന്റെ കയ്യിലെത്തിക്കുകയായിരുന്നു. പിന്നാലെ ലിയോണിനെ (0) ജഡേജ എൽ.ബിയിൽ കുരുക്കി. ടീം സ്കോർ 338ലെത്തിയപ്പോഴാണ് രണ്ടാം റണ്ണിനോടിയ സ്മിത്തിനെ സ്ക്വയർ ലെഗ്ഗിൽ നിന്നുള്ള അതിമനോഹരമായ ഡയറക്ട് ത്രോയിലൂടെ ജഡേജ റൺഔട്ടാക്കിയത്. 226 പന്തുകൾ നേരിട്ട സ്മിത്ത് 18 ബൗണ്ടറികളാണ് നേടിയത്.മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിതും ഗില്ലും കൂളായി കളിച്ചുതുടങ്ങുകയായിരുന്നു. 77 പന്തുകൾ നേരിട്ട രോഹിത് മൂന്ന് ഫോറും ഒരു സിക്സും പായിച്ചു. ഹേസൽവുഡിന്റെ ഒരു പന്ത് പ്രതിരോധിക്കാൻ ശ്രമിക്കവേ റിട്ടേൺ ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. തുടർന്ന് അർദ്ധസെഞ്ച്വറി തികച്ച ഗിൽ കമ്മിൻസിന്റെ പന്തിൽ ഗ്രീനിന് ക്യാച്ച് നൽകി മടങ്ങി.

27 – ടെസ്റ്റ് ക്രിക്കറ്റിൽ സ്മിത്തിന്റെ സെഞ്ച്വറികളുടെ എണ്ണം.

നാലുവിക്കറ്റ് നേട്ടത്തേക്കാൾ എനിക്ക് സന്തോഷം നൽകിയത് സ്മിത്തിനെ റൺഔട്ടാക്കിയതാണ്. 30 വാര സർക്കിളിന് പുറത്തുനിന്ന് ഡയറക്ട് ത്രോയിലൂടെ റൺഔട്ടാക്കുന്നത് സംതൃപ്തി നൽകുന്നതാണ്.- രവീന്ദ്ര ജഡേജ

LEAVE A REPLY

Please enter your comment!
Please enter your name here