ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിെനതിരായ മൽസരത്തിൽ തകർത്താടിയ ക്രിസ് ഗെയ്‍ൽ തീർത്ത കളിയിരമ്പത്തിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. 47 പന്തിൽ 11 സിക്സും അഞ്ചു ബൗണ്ടറിയുമുൾപ്പെടെ സെഞ്ചുറി തികച്ച ഗെയ്‍ല് തിരിച്ചുകയറിയത് ലോകകപ്പ് ട്വന്റി20യിലെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോർഡും സ്ഥാപിച്ച്.

എന്നാൽ, വിൻഡീസിന്റെ പുരുഷ ടീമിനായി ബാറ്റുകൊണ്ട് ഗെയ്‍ൽ നൽകുന്ന സംഭാവനയുടെ അതേ കനത്തിൽ അവരുടെ വനിതാ ടീമിനായി പന്തുകൊണ്ടും മായാജാലം തീർക്കുന്ന ഒരു താരമുണ്ട്; അനീസാ മുഹമ്മദ്. വെസ്റ്റ് ഇൻഡീസിന്റെ വനിതാ ലോകകപ്പ് സ്ക്വാഡിൽ അംഗമായ ഓഫ് സ്പിന്നർ. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന വനിതാ ട്വന്റി20 ലോകകപ്പ് മൽസരത്തിൽ പാക്കിസ്ഥാനെതിരെ അനീസ ഒരു റെക്കോർഡ് സ്ഥാപിച്ചു. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ (ചെറിയ ചരിത്രമാണെങ്കിലും) ആദ്യമായി 100 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരം. ഇതുവരെ ഒരു പുരുഷ താരത്തിന് പോലും എത്തിപ്പിടിക്കാനാകാത്ത റെക്കോർഡ് എന്ന നിലയിൽ അനീസയുടെ റെക്കോർഡിന് ഇരട്ടി മധുരം. നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത അനീസ ടീമിന് നാലു റൺസ് വിജയവും സമ്മാനിച്ചു.

അനീസയുടെ കരിയറിലെ 81–ാം ട്വന്റി20 മൽസരമായിരുന്നു ഇത്. 95 മൽസരങ്ങളിൽ നിന്നും 95 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള പാക്ക് നായകൻ ശാഹിദ് അഫ്രീദിയാണ് അനീസയ്ക്ക് പിന്നിലുള്ളത്. 2003ൽ ജപ്പാനെതിരെയായിരുന്നു അനീസയുടെ രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. അന്ന് 15 വയസായിരുന്നു അനീസയ്ക്ക്. ആദ്യ മൽസരത്തിൽ അനീസ എറിഞ്ഞ 10 ഓവറിൽ ആറും മെയ്ഡൻ. ആകെ വഴങ്ങിയതോ, വെറും നാലു റൺസ് മാത്രം. പുരുഷ ടീമുകളെ പരിഗണിച്ചാൽ പോലും 10 ഓവറിൽ ഇതിലും കുറവ് റൺസ് വഴങ്ങിയിട്ടുള്ളത് അനീസയുടെ നാട്ടുകാരൻ തന്നെയായ ഫിൽ സിമ്മണ്‍സ് മാത്രം. 1992ൽ പാക്കിസ്ഥാനെതിരെ 10 ഓവറിൽ സിമ്മൺസ് വിട്ടു കൊടുത്തത് മൂന്നു റൺസ് മാത്രം! 2009ൽ അയർലൻഡിനെതിരെ ആയിരുന്നു അനീസയുടെ ട്വന്റി20 അരങ്ങേറ്റം. ഈ മൽസരത്തിൽ പക്ഷേ അനീസ ബോൾ ചെയ്തില്ല.

അനീസയുടെ പേരിലുള്ള മറ്റു റെക്കോർഡുകൾ:

*. *ട്വന്റി20യിൽ ഒന്നിൽ കൂടുതൽ തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുള്ള മൂന്നു താരങ്ങളിൽ ഒരാളാണ് അനീസ. പാക്കിസ്ഥാന്റെ ഉമർ ഗുൽ, ശ്രീലങ്കയുടെ അജാന്ത മെൻഡിസ് എന്നിവരാണ് മറ്റുള്ളവർ.

. പുരുഷ, വനിതാ ടീമുകളെ പരിഗണിച്ചാൽ ട്വന്റി20യിൽ വെസ്റ്റ് ഇൻഡീസിനായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ താരമാണ് അനീസ. ആദ്യമായി 50 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതും അനീസ തന്നെ.

. വെസ്റ്റ് ഇൻഡീസ് വനിതാ ടീമിനായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ കൊയ്തിട്ടുള്ളതും അനീസയാണ്. ആദ്യമായി 50 വിക്കറ്റ് നേട്ടം പിന്നിട്ടതും അവർതന്നെ.

*. *ഏകദിന അരങ്ങേറ്റത്തിൽ 10 ഓവർ തികച്ച് എറിഞ്ഞിട്ടുള്ളവരില്‍ അഞ്ചിൽ കുറവ് റൺ വഴങ്ങിയ ഏക താരവുമാണ് അനീസ.

ട്വന്റി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ആദ്യ അഞ്ചു താരങ്ങൾ

(താരം, ടീം, മൽസരം, വിക്കറ്റ്)

അനീസ മുഹമ്മദ് – വെസ്റ്റ് ഇൻഡീസ് വനിതാ ടീം – 81 – 100

ശാഹിദ് അഫ്രീദി – പാക്കിസ്ഥാൻ – 95 – 95

ഉമർ ഗുൽ – പാക്കിസ്ഥാൻ – 60 – 85

സയീദ് അജ്മൽ – പാക്കിസ്ഥാൻ – 64 – 85

ലസിത് മലിംഗ – ശ്രീലങ്ക – 62 – 78

LEAVE A REPLY

Please enter your comment!
Please enter your name here