ന്യൂഡൽഹി: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് മത്സരം നടത്താനുള്ള സാദ്ധ്യതകൾ ആരാഞ്ഞ് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ വൃത്തങ്ങൾ ബി സി സി ഐയുടെ അഭിപ്രായം തേടി. ഇന്ത്യൻ ടീമും വേൾഡ് ഇലവനും തമ്മിൽ മത്സരം സംഘടിപ്പിക്കാൻ ആണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. ആഗസ്റ്റ് 15നുള്ള സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ശേഷം ആഗസ്റ്റ് 22ന് മത്സരം സംഘടിപ്പിക്കാനുള്ള സാദ്ധ്യതകളാണ് കേന്ദ്ര സർക്കാർ ആരാഞ്ഞിരിക്കുന്നത്. ഇത് സംബന്ധിച്ച് സർക്കാർ ബി സി സി ഐക്ക് കത്തയച്ചു.

ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി മത്സരം സംഘടിപ്പിക്കാനാണ് കേന്ദ്രത്തിന്റെ താത്പര്യം. മുൻ നിര ഇന്ത്യൻ താരങ്ങളെയും അന്താരാഷ്ട്ര താരങ്ങളെയും ഇതിനായ് അണിനിരത്തേണ്ടതുണ്ട്. ആ സമയം മറ്റ് പരമ്പരകളൊന്നും ഇല്ലാത്തതിനാൽ ഇന്ത്യൻ താരങ്ങളുടെ ലഭ്യത ഉറപ്പാണെങ്കിലും അന്താരാഷ്ട്ര താരങ്ങളുടെ ലഭ്യത ഉറപ്പ് പറയാൻ സാധിക്കില്ല. ചുരുങ്ങിയത് 14 അന്താരാഷ്ട്ര താരങ്ങളെയെങ്കിലും ലഭിച്ചാൽ മാത്രമേ വേൾഡ് ഇലവനെ ഒരുക്കാൻ സാധിക്കുകയുള്ലൂ. ഇംഗ്ളണ്ടിൽ കൗണ്ടി സീസണും വെസ്റ്റ് ഇൻഡീസിൽ കരിബീയൻ പ്രീമിയർ ലീഗും നടക്കുന്നത് ആഗസ്റ്റിലാണ് എനന്തിനാൽ എത്ര വിദേശ താരങ്ങളെ മത്സരത്തിന് ലഭിക്കും എന്ന് ഉറപ്പില്ല.

ആഗസ്റ്റ് 27ന് ഏഷ്യ കപ്പിൽ പങ്കെടുക്കുന്നതിന് വേണ്ടി ഇന്ത്യൻ താരങ്ങൾ ശ്രീലങ്കയിലേക്ക് പുറപ്പെടും. അതിനാൽ തന്നെ മത്സരം നടത്തുന്നെങ്കിൽ അതിന് മുമ്പായി തന്നെ നടത്തണം. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരമായതിനാൽ ഇന്ത്യൻ താരങ്ങൾ താത്പര്യം കാണിക്കുമെന്നാണ് ബി സി സിഐയുടെ കണക്കുകൂട്ടൽ. വെറും ഒരു മത്സരത്തിന് വേണ്ടി ഇത്രയേറെ വിദേശ താരങ്ങൾക്ക് നഷ്ടപരിഹാരം നൽകി ഇന്ത്യയിലെത്തിച്ചാൽ അതിനനുസരിച്ച് നേട്ടമുണ്ടാകുമോ എന്നും ബി സി സി ഐ പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here