സിംഗപ്പുര്‍ സിറ്റി: സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 സീരിസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ ഒളിമ്പ്യന്‍ പി.വി.സിന്ധു സെമി ഫൈനലില്‍ കടന്നു. രണ്ടു തവണ ഒളിമ്പിക്‌ മെഡല്‍ നേടിയ സിന്ധു വനിതാ സിംഗിള്‍സ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ യൂ ഹാനിനെയാണു തോല്‍പ്പിച്ചത്‌.
ഒന്നാം ഗെയിം നഷ്‌ടപ്പെട്ടിട്ടും പോരാട്ടവീര്യത്തോടെ സിന്ധു പിന്നീടുള്ള രണ്ട്‌ ഗെയിമുകളില്‍ ജയിച്ച്‌ മത്സരം സ്വന്തമാക്കി. സ്‌കോര്‍: 17-21, 21-11 21-19. മത്സരം ഒരു മണിക്കൂര്‍ രണ്ട്‌ മിനിറ്റ്‌ നീണ്ടു. ഒന്നാം ഗെയിമില്‍ സിന്ധു നിരവധി പിഴവുകള്‍ വരുത്തി. രണ്ടാം ഗെയിമില്‍ മികവിലേക്കുയര്‍ന്നു. യൂ ഹാന്‌ രണ്ടാം ഗെയിമില്‍ 11 പോയിന്റാണു നേടാനായത്‌. മൂന്നാം ഗെയിമില്‍ കടുത്ത പോരാട്ടമാണ്‌ ഇരുവരും കാഴ്‌ചവച്ചത്‌. പരിചയ സമ്പത്തിന്റെ കരുത്തില്‍ സിന്ധു ഗെയിമും സെമിയിലേക്കുള്ള ടിക്കറ്റുമെടുത്തു.
തായ്‌ലന്‍ഡ്‌ ഓപ്പണിനു ശേഷം സിന്ധു കളിക്കുന്ന ആദ്യ സെമിയാണിത്‌. ജപ്പാന്റെ സയീന കവകാമിയാണ്‌ സിന്ധുവിന്റെ അടുത്ത എതിരാളി.
തായ്‌ലന്‍ഡിന്റെ പോണ്‍പാവീ ചോചുവോങിനെയാണു സയീന കവകാമി തോല്‍പ്പിച്ചത്‌. സ്‌കോര്‍: 21-17, 21-19. സിംഗപ്പുര്‍ ഓപ്പണില്‍ ഇന്ത്യയുടെ ശേഷിക്കുന്ന പ്രതീക്ഷയാണു സിന്ധു. സയീന കവകാമിക്കെതിരേ നടന്ന രണ്ട്‌ മത്സരങ്ങളും ജയിച്ച സിന്ധുവിനാണു മുന്‍തൂക്കം.
ക്വാര്‍ട്ടറില്‍ ഒളിമ്പ്യന്‍ സൈന നെഹ്‌വാള്‍ ജപ്പാന്റെ അയാ ഒഹോരിയോടു പുറത്തായി. സ്‌കോര്‍: 13-21, 21-15, 20-21. വനിതാ സിംഗിള്‍സില്‍ ചൈനയുടെ ലോക ഒന്‍പതാം നമ്പര്‍ ഹി ബിങ്‌ ജിയാവോയെ അട്ടിമറിച്ചാണു സൈന രണ്ടര വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ക്വാര്‍ട്ടറില്‍ കളിച്ചത്‌.
പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്‌.എസ്‌. പ്രണോയിക്കും ക്വാര്‍ട്ടറില്‍ മുന്നേറാനായില്ല. ജപ്പാന്റെ കൊടായ്‌ നറോക്കയാണു പ്രണോയിയെ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 12-21, 21-14, 21-18. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ മലയാളി താരം മികച്ച പോരാട്ടം പുറത്തെടുത്തു. 18-7 എന്ന നിലയില്‍ പിന്നിട്ടുനിന്ന പ്രണോയി തുടര്‍ച്ചയായി എട്ട്‌ പോയിന്റുകള്‍ നേടി തിരിച്ചടിച്ചു.
പുരുഷ ഡബിള്‍സില്‍ എം.ആര്‍. അര്‍ജുന്‍ – ധ്രുവ്‌ കപില സഖ്യവും തോറ്റു പുറത്തായി. ഇന്തോനീഷ്യയുടെ മുഹമ്മദ്‌ അഹ്‌സാന്‍- ഹെന്‍ദ്ര സെതിയവാന്‍ സഖ്യമാണ്‌ അവരെ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 10-21, 21-18, 21-17.

LEAVE A REPLY

Please enter your comment!
Please enter your name here