ഗുവാഹത്തി: ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ് സൂപ്പർ താരം വിരാട് കോഹ്ലി. ഇടവേളക്കുശേഷം ടീമിലേക്ക് തിരിച്ചെത്തിയ കോഹ്ലി, കിടിലൻ സെഞ്ച്വറിയോടെയാണ് പുതുവർഷത്തെ ക്രിക്കറ്റ് പോരാട്ടത്തിന് തുടക്കമിട്ടത്.

മത്സരത്തിൽ 87 പന്തുകൾ നേരിട്ട താരം 113 റൺസാണ് അടിച്ചെടുത്തത്. 12 ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. 80 പന്തുകളിൽനിന്നാണ് താരം ഏകദിന കരിയറിലെ 45ാം സെഞ്ച്വറി തികച്ചത്. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലുമായി താരത്തിന്‍റെ 73ാം രാജ്യാന്തര സെഞ്ച്വറിയാണിത്. ടെസ്റ്റിൽ 27 സെഞ്ച്വറിയും ട്വന്‍റി20യിൽ ഒന്നും താരത്തിന്‍റെ പേരിലുണ്ട്.

 

47 പന്തുകളിൽ അർധ സെഞ്ച്വറി തികച്ച താരത്തിന് മൂന്നക്കത്തിലെത്താൻ പിന്നീട് വേണ്ടിവന്നത് 33 പന്തുകൾ മാത്രം. ഇതോടെ ഇന്ത്യൻ മണ്ണിലെ ഏകദിന സെഞ്ച്വറികളുടെ കണക്കിൽ കോഹ്ലി ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ റെക്കോഡിനൊപ്പമെത്തി. ഇരുവരും നേടിയത് 20 സെഞ്ച്വറികൾ. ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ റെക്കോഡ് ഇനി സചിനൊപ്പം കോഹ്ലിയും പങ്കിടും.

സചിൻ 169 ഇന്നിങ്സുകളിൽനിന്നാണ് 20 സെഞ്ച്വറികൾ നേടിയത്. എന്നാൽ, കോഹ്ലി ഈ നേട്ടത്തിലെത്താൻ എടുത്തത് 99 ഇന്നിങ്സുകൾ മാത്രം. സചിനേക്കാൾ 61 ഇന്നിങ്സുകൾ കുറവ്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല (69 ഇന്നിങ്സുകളിൽ 14 സെഞ്ച്വറികൾ), റിക്കി പോണ്ടിങ് (151 ഇന്നിങ്സുകളിൽ 14 സെഞ്ച്വറികൾ) എന്നിവരാണ് ഹോം ഗ്രൗണ്ടിൽ കൂടുതൽ സെഞ്ച്വറികൾ നേടിയ പട്ടികയിൽ തൊട്ടുപിന്നിലുള്ളത്.

ലങ്കക്കെതിരെ ഏകദിന സെഞ്ച്വറികളുടെ എണ്ണത്തിൽ കോഹ്ലി സചിനെ മറികടക്കുകുയും ചെയ്തു. കോഹ്ലിയുടെ പേരിൽ ലങ്കക്കെതിരെ ഒമ്പതു സെഞ്ച്വറികളാണുള്ളത്. സചിന്‍റെ പേരിൽ എട്ടെണ്ണവും. ആസ്ട്രേലിയ, വെസ്റ്റിൻഡീസ് ടീമുകൾക്കെതിരെ സചിനും കോഹ്ലിയും ഒമ്പത് സെഞ്ച്വറികൾ വീതം നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിലെ ആകെ സെഞ്ച്വറികളുടെ എണ്ണത്തിൽ സചിന്റെ റെക്കോഡിനൊപ്പമെത്താൻ കോഹ്ലിക്ക് ഇനി നാലു സെഞ്ച്വറികൾ കൂടി മതി. 49 സെഞ്ച്വറികളാണ് ഏകദിനത്തിൽ സചിൻ നേടിയത്.

കൂടാതെ, ഏകദിന ക്രിക്കറ്റിൽ അതിവേഗം 12,500 റൺസ് നേടുന്ന താരവുമായി കോഹ്ലി. 257 ഇന്നിങ്സുകളിൽ നിന്നാണ് താരം ഇത്രയും റൺസ് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here