ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരത്തിലും ഗോൾഡൻ ഡക്കായ സൂര്യകുമാർ യാദവിനെ പ്രതിരോധിച്ച് ക്യാപ്റ്റൻ രോഹിത് ശർമ. മൂന്ന് മികച്ച പന്തുകളിലണ് സൂര്യ ഔട്ടായതെന്നും ആർക്കും അത് സംഭവിക്കാമെന്നും രോഹിത് ശർമ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രോഹിത്. 

“പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്നാണ് ആകെ മൂന്ന് പന്തേ സൂര്യ കളിച്ചുള്ളൂ. അത് എങ്ങനെ വിലയിരുത്തണമെന്നറിയില്ല. സത്യം പറഞ്ഞാൽ അവന് മൂന്ന് മികച്ച പന്തുകളാണ് ലഭിച്ചത്. പക്ഷേ, ഇന്ന് (അവസാന കളി) അത്ര നല്ല പന്തായിരുന്നില്ല അത്. അവൻ ഫ്രണ്ട് ഫൂട്ടിൽ കളിക്കണമായിരുന്നു. അവൻ വളരെ നന്നായി സ്പിൻ കളിക്കും. കഴിഞ്ഞ കുറച്ച് കാലങ്ങളായി നമ്മൾ അത് കാണുന്നു. അതുകൊണ്ടാണ് അവനെ അവസാന 15-20 ഓവർ കളിക്കാനായി മാറ്റിവച്ചത്. പക്ഷേ, ആകെ മൂന്ന് പന്തുകളേ കളിക്കാനായുള്ളൂ എന്നത് ദൗർഭാഗ്യകരമാണ്. അത് ആർക്കും സംഭവിക്കാം. പക്ഷേ, കഴിവുണ്ട്. അവൻ ഇപ്പോൾ മോശം അവസ്ഥയിലൂടെ കടന്നുപോകുന്നു എന്ന് മാത്രം.”- രോഹിത് ശർമ പറഞ്ഞു.

ആവശ്യമെങ്കിൽ ഏകദിന ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിശ്രമമെടുക്കാമെന്നും രോഹിത് പറഞ്ഞു. താരങ്ങളൊക്കെ ഇനി ഫ്രാഞ്ചൈസിയിലാണ് എന്നും ആത്യന്തികമായി ഫ്രാഞ്ചൈസികളാണ് ഇത് തീരുമാനിക്കേണ്ടതെന്നും രോഹിത് പറഞ്ഞു.

“അതൊക്കെ ഇനി ഫ്രാഞ്ചൈസികളാണ് തീരുമാനിക്കേണ്ടത്. താരങ്ങൾ ഇനി അവർക്ക് സ്വന്തമാണ്. ടീമുകൾക്ക് ഞങ്ങൾ ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എങ്കിലും അതാത് ഫ്രാഞ്ചൈസികളാണ് കാര്യം തീരുമാനിക്കേണ്ടത്. അതിലും പ്രധാനമായി താരങ്ങളാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. അവരെല്ലാവരും പ്രായപൂർത്തി ആയവരാണ്. ജോലിഭാരം കൂടുന്നു എന്ന് തോന്നിയാൽ താരങ്ങൾ ഒന്നോരണ്ടോ മത്സരങ്ങളിൽ നിന്ന് ബ്രേക്കെടുക്കാം. പക്ഷേ, അത് സംഭവിക്കുമോ എന്ന് സംശയമാണ്.”- രോഹിത് ശർമ പറഞ്ഞു.

അതേസമയം, പരുക്കേറ്റ് പുറത്തായ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം സന്ദീപ് ശർമയെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. സന്ദീപ് രാജസ്ഥാൻ റോയൽസ് ക്യാമ്പിലെത്തിയതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ സന്ദീപ് ശർമ അൺസോൾഡ് ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here