ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി ചരിത്രമെഴുതി. ഇന്ന് നടന്ന ചെല്‍സി-ടോട്ടനം മത്സരം സമനിലയായതോടെ സീസണില്‍ ലെസ്റ്റര്‍ കിരീടമുറപ്പിച്ചു. ലീഗില്‍ രണ്ടു മത്സരങ്ങള്‍ ശേഷിക്കെ അപരാജിത ലീഡ് നേടിയതോടെയാണ് ലെസ്റ്റര്‍ കിരീടം ഉറപ്പിച്ചത്.

ലീഗില്‍ കിരീടം നേടുന്ന ആറാമത്തെ ടീമെന്ന ബഹുമതിയാണ് ലെസ്റ്ററിനെ തേടിയെത്തിയിരിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ‘ബിഗ് ഫോര്‍’ എന്നറിയപ്പെടുന്ന ചെല്‍സി, ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളല്ലാത്ത ഒരു ടീം കിരീടം നേടുന്നത് ഇത് രണ്ടാംതവണ മാത്രമാണ്. ഇവരല്ലാതെ, 1994-95 സീസണില്‍ ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സാണ് ഇതിനുമുമ്പ് കിരീടം നേടിയിട്ടുള്ള ടീം.

36 മത്സരങ്ങളില്‍ 77 പോയന്റാണ് ലെസ്റ്ററിന് ഇപ്പോഴുള്ളത്. ഇന്നത്തെ സമനിലയോടെ രണ്ടാംസ്ഥാനത്തുള്ള ടോട്ടനത്തിന് 36 മത്സരങ്ങളില്‍ 70 പോയന്റായി. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാലും ടോട്ടനത്തിന് 76 പോയന്റേ നേടാനാകൂ. മൂന്നാംസ്ഥാനത്തുള്ള ആഴ്‌സനലിന് 36 മത്സരങ്ങളില്‍ 67 പോയന്റേ ഉള്ളൂ.

Wes Morgan
അവസാന മത്സരത്തില്‍ മാഞ്ചസ്റ്ററിനെതിരെ ഗോള്‍ നേടിയ ലെസ്റ്റര്‍ ടീമംഗങ്ങളുടെ ആഹ്ലാദം. ഫോട്ടോ: എപി.

 

മാഞ്ചസ്റ്റര്‍ സിറ്റി (36 മത്സരങ്ങളില്‍ 64), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (35 മത്സരങ്ങളില്‍ 60), വെസ്റ്റ് ഹാം (35 മത്സരങ്ങളില്‍ 59), സതാംപ്ടണ്‍ (36 മത്സരങ്ങളില്‍ 57), ലിവര്‍പൂള്‍ (35 മത്സരങ്ങളില്‍ 55), ചെല്‍സി (35 മത്സരങ്ങളില്‍ 48), സ്‌റ്റോക്ക് സിറ്റി (36 മത്സരങ്ങളില്‍ 48) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു ടീമുകള്‍.

ഇന്നലെ കിരീടപ്രതീക്ഷയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ലെസ്റ്റര്‍ ഇറങ്ങിയെങ്കിലും മത്സരം സമനിലയില്‍ (സ്‌കോര്‍: 1-1) കലാശിച്ചതോടെ ലെസ്റ്ററിന്റെ കിരീടധാരണം നീളുകയായിരുന്നു. എന്നാല്‍ ഇന്ന് രണ്ടാം സ്ഥാനത്തുള്ള ടോട്ടനം നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിയോട് 2-2 എന്ന സ്‌കോറില്‍ സമനില പാലിച്ചതോടെ ലെസ്റ്റര്‍ അപരാജിത ലീഡ് സ്വന്തമാക്കുകയായിരുന്നു.

ലെസ്റ്റര്‍ ഇതിനുമുമ്പ് ഇംഗ്ലീഷ് ഫുട്‌ബോളില്‍ വമ്പന്‍ നേട്ടങ്ങളൊന്നും കൊയ്തിട്ടില്ല. ഒരുതവണ ഫസ്റ്റ് ഡിവിഷന്‍ റണ്ണറപ്പായതാണ് വലിയ നേട്ടം. എന്നാല്‍ ഇത്തവണ ആധികാരിക പ്രകടനത്തോടെയാണ് ടീം ചാമ്പ്യന്‍മാരായത്. ലീഗില്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് വെസ് മോര്‍ഗനും സംഘവും പരാജയമറിഞ്ഞത്. 22 കളികളില്‍ ടീം ജയിച്ചപ്പോള്‍ 11 എണ്ണം സമനിലയില്‍ കലാശിച്ചു. ആകെ 64 ഗോളുകളടിച്ചപ്പോള്‍ വഴങ്ങിയത് 34 എണ്ണം മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here