ഐഎസ്എൽ പത്താം സീസണിലെ ആദ്യ മത്സരത്തിൽ ബദ്ധവൈരികളായ ബംഗളൂരു എഫ്‍സിയെ തോൽപ്പിച്ചു കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട കൊച്ചിയില്‍ ഇരമ്പിക്കയറിയത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 52-ാം മിനിറ്റില്‍ ബംഗളുരു താരം കെസിയ വീൻഡോര്‍പ്പിന്‍റെ ഓണ്‍ ഗോളാണ് സമനിലയുടെ കെട്ട് പൊട്ടിച്ചത്. 59 -ാം മിനിറ്റില്‍ കുന്തമുന അഡ്രിയാൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയര്‍ത്തി. മഞ്ഞപ്പട വിജയം ഉറപ്പിച്ച സമയത്താണ്കുര്‍ട്ടിസ് മൈനിലൂടെ ബംഗളൂരു ഗോള്‍ കണ്ടെത്തിയത്.

ബോള്‍ പൊസിഷനിലും പാസുകളുടെ എണ്ണത്തിലുമെല്ലാം ബംഗളൂരു എഫ്‍സിയാണ് മുന്നില്‍ നിന്നതെങ്കിലും മികച്ച ഗോള്‍ശ്രമങ്ങള്‍ നടത്തിയത് കൊച്ചിയിലെ മഞ്ഞപ്പട്ടാളമായിരുന്നു. പരമ്പരാഗതമായ 4-4-2 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് കളത്തില്‍ ഇറങ്ങിയത്. പുതിയതായി ടീമിലെത്തിയ ഘാന സ്‌ട്രൈക്കര്‍ ക്വാമേ പെപ്രയെയും ജപ്പാനീസ് താരം ഡയസൂക് സക്കായിയെയും മുന്നേറ്റ നിരയില്‍ ഇറങ്ങി. മധ്യനിരയില്‍ കളി മെനയാന്‍ ക്യാപ്റ്റന്‍ ലൂണയും മലയാളിതാരം മുഹമ്മദ് എയമെനും ജീക്‌സണ്‍ സിങ്ങും അണിനിരന്നു.

ഗോള്‍ വലയ്ക്ക് കീഴില്‍ മലയാളി താരം സച്ചിന്‍ സുരേഷിനായിരുന്നു ചുമതല. പ്രതിരോധ നിരയിലെ വിശ്വസ്തന്‍ ലെസ്‌കോവിച്ചും പരിക്ക് മൂലം വിട്ടുനിന്നപ്പോള്‍ ആദ്യമായി ടീമിലെത്തിയ മിലോസ് ഡ്രിന്‍കികിനായിരുന്നു ബംഗളൂരു ആക്രമണങ്ങളുടെ മൂര്‍ച്ച തടുക്കാനുള്ള വലിയ ദൗത്യം ഉണ്ടായിരുന്നത്. 5-3-2 ശൈലിയിലാണ് ബംഗളൂരു ഇറങ്ങിയത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നായകനായിരുന്ന ജെസല്‍ കര്‍ണെയ്‌റോയും ബംഗളൂരുവിന്‍റെ ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here