
അഹമ്മദാബാദ് ∙ സ്വന്തം മണ്ണിൽ മൂന്നാം ലോകകിരീടം ഉയർത്താമെന്ന ഇന്ത്യൻ സ്വപ്നങ്ങൾ തല്ലിക്കെടുത്തി ഓസ്ട്രേലിയ. ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചറി നേടിയ ഓപ്പണർ ട്രാവിസ് ഹെഡും ക്ഷമയോടെ കളിച്ച് അർധ സെഞ്ചറി നേടിയ മാർനസ് ലബുഷെയ്നുമാണ് ഓസ്ട്രേലിയയെ ആറാം കിരീട നേട്ടത്തിലേക്കു നയിച്ചത്. ഇന്ത്യൻ ആരാധകർ നിലക്കടൽ തീർത്ത നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 6 വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തിൽ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. 7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ സ്‌ലിപ്പിൽ വിരാട് കോലിക്ക് ക്യാച്ച് നൽകിയാണ് വാർണർ പുറത്തായത്. 15 റൺസ് നേടിയ മിച്ചൽ മാർഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്‍റെ കൈകളിലെത്തിച്ചു. 4 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും ബുമ്ര പുറത്താക്കി. ഇന്ത്യൻ താരങ്ങളുയർത്തിയ എൽബിഡബ്ല്യു അപ്പീലിന് അനുകൂലമായി അംപയർ ഔട്ട് വിധിക്കുകയായിരുന്നു.
ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്കായി വിരാട് കോലിയും കെ.എൽ.രാഹുലും അർധ സെഞ്ചറി കണ്ടെത്തി. സ്റ്റേഡിയത്തിലെ നീലക്കടലിനു മുന്നിൽ കത്തിക്കയറുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഓപ്പണർമാർക്കും വാലറ്റത്തിനും മികച്ച സ്കോർ കണ്ടെത്താനാകാതെ വന്നതോടെ ഇന്ത്യ 50 ഓവറിൽ 240 റൺസിന് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ 30 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അഞ്ചാം ഓവറിൽ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. 7 പന്തിൽ 4 റൺസാണ് താരത്തിന്റെ സംഭാവന. തകർപ്പനടികളുമായി കളം നിറഞ്ഞ നായകൻ രോഹിത് ശർമ അർധ സെഞ്ചറിക്ക് 3 റൺസ് അകലെ വീണു. 31 പന്തിൽ 47 റൺസെടുത്ത രോഹിത്ത് ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. മാക്‌സ്‌വെല്ലിന്‍റെ പന്തിൽ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു.
രോഹിത്തിനു പിന്നാലെ പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. 3 പന്തിൽ 4 റൺസ് നേടിയ ശ്രേയസിന്റെ ഷോട്ട് ജോഷ് ഇംഗ്ലിസിന്റെ കൈകളിൽ കുടുങ്ങുകയായിരുന്നു. ഇതോടെ 1ന് 76 എന്ന നിലയിൽനിന്ന് 3ന് 81 എന്ന നിലയിലേക്ക് ഇന്ത്യ വീണു. സ്കോർ 148ൽ നിൽക്കേ അർധ സെഞ്ചറി നേടിയ സൂപ്പർ താരം വിരാട് കോലി പുറത്തായി. 63 പന്തിൽ 54 റൺസ് നേടിയാണ് കോലി പുറത്തായത്. ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്‍റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേക്ക് വീഴുകയായിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് കോലി മടങ്ങിയത്. മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെയാണ് പിന്നിലാക്കിയത്.
അർധ സെഞ്ചറി നേടിയ കെ.എല്‍.രാഹുലാണ് ഇന്ത്യയെ പിന്നീട് മുന്നോട്ടു നയിച്ചത്. ടീം സ്കോർ 200 കടത്തുന്നതിൽ രാഹുലിന്റെ ഇന്നിങ്സ് നിർണായകമായി. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ആരാധകരെ നിരാശപ്പെടുത്തി. 9 റൺസ് നേടിയ ജഡേജയെ ഹെയ്സൽവുഡ് ജോഷ് ഇംഗ്ലിസിന്‍റെ കൈകളിലെത്തിച്ചു. സ്കോർ 203ൽ നിൽക്കേ രാഹുലും പുറത്തായി. 107 പന്തിൽ 66 റൺസ് നേടിയ രാഹുൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പിന്നാലെ മുഹമ്മദ് ഷമിയും (6) ജസ്പ്രീത് ബുമ്രയും (1) പുറത്തായി
പതിവു ശൈലിയിൽനിന്ന് വ്യത്യസ്തമായി പ്രതിരോധത്തിലൂന്നി കളിച്ച സൂര്യകുമാർ യാദവിന് പക്ഷേ ഏറെനേരം പിടിച്ചുനിൽക്കാനായില്ല. 28 പന്തിൽ പന്തില്‍ 18 റൺസ് നേടിയ സൂര്യകുമാർ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന് ക്യാച്ച് നൽകി മടങ്ങി. കുൽദീപ് യാദവിനും (10) മുഹമ്മദ് സിറാജിനും (9) കാര്യമായി ഒന്നും ചെയ്യാനായില്ല. ഇന്നിങ്സിലെ അവസാന പന്തിൽ രണ്ടാം റൺസിന് ശ്രമിച്ചതോടെ കുൽദീപ് റണ്ണൗട്ടായി. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റു നേടി. ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റു വീതം വീഴ്ത്തി. മാക്സ്‌വെലും ആദം സാംപയും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.
ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സെമി ഫൈനലുകൾ വിജയിച്ച അതേ പ്ലേയിങ് ഇലവനുമായാണ് ഇരു ടീമുകളും ഇറങ്ങിയത്.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര
ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ – ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബൂഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇംഗ്ലിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ആദം സാംപ, ജോഷ് ഹെയ്സൽവുഡ്.