മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: 1970-1980  കാലഘട്ടത്തിൽ  വോളീബോൾ ലോകത്തെ ഇതിഹാസമായിരുന്ന അകാലത്തിൽ പൊലിഞ്ഞു പോയ  ജിമ്മി ജോർജിൻറെ  ഓർമ്മകൾ നിലനിർത്തികൊണ്ട്  33 വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ രൂപം കൊണ്ട “ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ വോളി ബോൾ ടൂർണമെൻറ്” പതിന്നാല് വർഷങ്ങൾക്ക്  ശേഷം ന്യൂയോർക്കിൻറെ മണ്ണിൽ  എത്തിച്ചേർന്നതിന്റെ ആവേശത്തിലാണ് ലോങ്ങ് ഐലൻഡിലെ കേരളാ സ്‌പൈക്കേഴ്‌സ് വോളി ബോൾ ക്ലബ്ബ് അംഗങ്ങൾ. 

34മത് ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്റിന് ആതിഥേയത്വം നൽകാൻ അവസരം ലഭിച്ച കേരളാ സ്‌പൈക്കേഴ്‌സ് വോളി ബോൾ ക്ലബ്ബ് ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഭാരവാഹികളും കളിക്കാരും  മെയ് 25,26 (ശനി, ഞായർ) തീയതികളിൽ വോളി ബോൾമാമാങ്കം സംഘടിപ്പിക്കുവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. മെമ്മോറിയൽ ഡേ ആഴ്ച കൂടിയായ മെയ് 25-നും 26-നും ഫ്ലഷിങ്ങിലുള്ള ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ (Queens College, 65-30 Kissena Blvd, Flushing, NY) പ്രസ്തുത ടൂർണമെൻറ് വലിയ ആഘോഷമാക്കുവാനുള്ള ക്രമീകരണങ്ങളാണ്  ചെയ്യുന്നത്.

1955 മാർച്ച് 8-ന്  കണ്ണൂർ ജില്ലയിലെ പേരാവൂരിന് അടുത്തുള്ള തുണ്ടിയിൽ എന്ന ഗ്രാമത്തിൽ  കുടക്കച്ചിറ കുടുംബത്തിൽ  ജോർജ് ജോസഫ് – മേരി ജോർജ് ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ച ജിമ്മി ജോർജ് വോളി ബോൾ ലോകത്തെ മുടിചൂടാ മന്നനായി തിളങ്ങി നിന്നപ്പോൾ തൻറെ 32-മത്തെ  വയസ്സിൽ 1987 നവംബർ  30-ന് ഇറ്റലിയിൽ വച്ച് കാറപകടത്തിൽ മരണപ്പെട്ടു.  എഴുപതുകളുടെ തുടക്കത്തിൽ കാലിക്കറ്റ് സർവ്വകലാശാലയിലെ വോളി ബോൾ ടീമിൽ കളിക്കാരനായിരിക്കുമ്പോൾ ജിമ്മിയുടെ വോളി ബോൾ കളിയിലെ പ്രാഗൽഭ്യം മനിസ്സിലാക്കിയ പാലാ സെന്റ് തോമസ് കോളേജ് 1973-ൽ ജിമ്മിയെ അവിടെ പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുത്ത്  അവരുടെ വോളി ബോൾ ടീം ക്യാപ്റ്റൻ ആക്കി തങ്ങളുടെ ടീമിന്റെ യശ്ശസ്സുയർത്തി.

1973 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ സെന്റ് തോമസ് കോളേജിന്റെ വോളി ബോൾ ടീം അംഗം എന്ന നിലയിൽ കേരളാ യൂണിവേഴ്സിറ്റിയുടെ ടീം ക്യാപ്റ്റൻ ആയും ജിമ്മി വോളി ബോൾ കളിയിൽ പ്രശസ്തിയുടെ കൊടുമുടിയിലേക്കെത്തി. കേരളാ യൂണിവേഴ്സിറ്റി വോളി ബോൾ ടീമിനെ നയിച്ച ജിമ്മി പ്രസ്തുത മൂന്നു വർഷക്കാലവും ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിലെ ചാമ്പ്യന്മാരായി കേരളാ യൂണിവേഴ്സിറ്റിയെ മാറ്റിയെടുത്തു.  വോളി ബോൾ കളിയിലെ പ്രാഗൽഭ്യം കണക്കിലെടുത്ത് 21-മത്തെ വയസ്സിൽ ജിമ്മിയെ അർജ്ജുനാ അവാർഡ്  നൽകി രാജ്യം ആദരിച്ചു. 

അർജ്ജുനാ അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആയിരുന്നു ജിമ്മി ജോർജ്.  വോളി ബോൾ കളിയിലെ ജിമ്മിയുടെ  അതിപ്രാഗല്ഭ്യ വൈദഗ്ദ്ധ്യം  കണ്ടറിഞ്ഞ രാജ്യവും  സംസ്ഥാനവും  വിവിധ സംഘടനകളും ജിമ്മിക്ക് നിരവധി അവാർഡുകൾ നൽകി ആദരിച്ചു. 1982-1984 കാലഘട്ടത്തിലും 1985-1987 കാലഘട്ടത്തിലും ഇറ്റലിയുടെ ഔദ്യോഗിക കളിക്കാരനായി. വോളി ബോൾ  കളിയിലെ  ലോകത്തിലെ തന്നെ ഏറ്റവും “ശക്തനായ അറ്റാക്കർ” എന്ന പ്രശസ്തി ജിമ്മി ജോർജിൽ എത്തിച്ചേർന്നു. അങ്ങനെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയിരിക്കുമ്പോഴാണ് 32-മത്തെ വയസ്സിൽ ഒരു കാർ അപകടത്തിൽ 1987 നവംബർ  30-ന്  ഇറ്റലിയിൽ  വച്ച്  കൊല്ലപ്പെട്ടത്.

ജിമ്മി ജോർജിൻറെ അകാലത്തിലുള്ള വേർപാടിൻറെ വിടവ് നികത്തുവാനായി അദ്ദേഹത്തിൻറെ ഓർമ്മ നിലനിർത്തിക്കൊണ്ട് അമേരിക്കയിലെ വോളി ബോൾ പ്രേമികൾ 1990-ൽ രൂപം കൊടുത്ത നാഷണൽ മത്സരമാണ്  “ജിമ്മി ജോർജ് മെമ്മോറിയൽ  നാഷണൽ വോളി ബോൾ ടൂർണമെന്റ്”. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 14 ടീമുകൾ അടങ്ങുന്ന നാഷണൽ വോളി ബോൾ ലീഗാണ് ഇതിന്റെ സംഘാടകർ. ഓരോ വർഷവും ഓരോ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്ന നാഷണൽ ടൂർണമെന്റ് 14 വർഷങ്ങൾക്ക്  ശേഷമാണ് ഈ വർഷം ന്യൂയോർക്കിലെത്തുന്നത്.

ലോങ്ങ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളാ സ്‌പൈക്കേഴ്‌സ് വോളി ബോൾ ക്ലബ്ബ് ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന ക്ലബ്ബാണ് ഈ വർഷത്തെ ടൂർണമെന്റിന്റെ ആതിഥേയർ. ശക്തരായ കളിക്കാരെ അണിനിരത്തിക്കൊണ്ട്  1987-ൽ രൂപീകൃതമായ കേരളാ സ്‌പൈക്കേഴ്‌സ് ക്ലബ്ബ് പല വർഷങ്ങളിലും ജിമ്മി ജോർജ് മെമ്മോറിയൽ വോളി ബോൾ ടൂർണമെന്റ് ചാമ്പ്യന്മാർ ആയിട്ടുണ്ട്.  സ്‌പൈക്കേഴ്‌സ്  ക്ളബ്ബിലെ മുൻകാല കളിക്കാരും നിലവിലുള്ള കളിക്കാരും ഒത്തു ചേർന്ന് സംഘാടക കമ്മറ്റി രൂപീകരിച്ചു ഈ വർഷത്തെ വോളി ബോൾ ടൂർണമെന്റ് എക്കാലത്തെയും മികച്ചതാക്കുവാനുള്ള പരിശ്രമത്തിലാണ് സംഘാടകർ.

ക്ലബ്ബിലെ ആദ്യകാല കളിക്കാരനായ ഷാജു സാം ആണ് സംഘാടക സമിതി പ്രസിഡൻറ്. സെക്രട്ടറി അലക്സ് ഉമ്മൻ, ട്രഷറർ ബേബിക്കുട്ടി തോമസ്, ജനറൽ കൺവീനറും ടീം മാനേജരുമായ ബിഞ്ചു ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ മറ്റു കമ്മറ്റി അംഗങ്ങളും മത്സരം അവിസ്മരണീയമാക്കുവാൻ അക്ഷീണ പരിശ്രമം ആരംഭിച്ചു കഴിഞ്ഞു. മറ്റ്  കമ്മറ്റി അംഗങ്ങൾ – ടീം കോച്ച് -റോൺ ജേക്കബ്, അസിസ്റ്റന്റ് കോച്ച് -അലക്സാണ്ടർ തോമസ്, ട്രാൻസ്‌പോർട്ടേഷൻ -ജെയിംസ് അഗസ്റ്റിൻ. ബാങ്ക്വറ്റ് -ലിബിൻ ജോൺ, ഫണ്ട് റൈസിംഗ് -സിറിൽ മഞ്ചേരിൽ, സുവനീർ -ജോർജ് ഉമ്മൻ, സോഷ്യൽ മീഡിയ -ആൻഡ്രൂ മഞ്ചേരിൽ,  റിഫ്രഷ്മെൻറ്സ് -അലക്സ് സിബി, മീഡിയ കം പി.ർ.ഓ.  -മാത്യുക്കുട്ടി ഈശോ എന്നിവരടങ്ങുന്ന കമ്മറ്റി ടൂർണമെന്റ്  നടത്തിപ്പിൽ ചുക്കാൻ പിടിക്കുന്നു.

ടൂർണമെന്റിൽ പതിന്നാലിലധികം ടീമുകൾ പങ്കെടുക്കുമെന്നാണ് നിലവിലെ സൂചന. ഇത്തരം ബ്രഹത്തായ ഒരു ടൂർണമെന്റ് സംഘടിപ്പിക്കുന്നതിന് ഭാരിച്ച ചിലവാണ് പ്രതീക്ഷിക്കുന്നത്. നല്ലവരായ മലയാളികളുടെയും, വോളി ബോൾ  -സ്പോർട്സ് പ്രേമികളുടെയും നിസ്വാർഥമായ സഹകരണം ലഭിച്ചാൽ ഇത് ഭംഗിയായി നടത്തുവാൻ സാധിക്കും എന്നാണ് സംഘാടക സമിതി പ്രസിഡൻറ് ഷാജു സാം പറയുന്നത്. അതിനു എല്ലാവരുടെയും സഹായ സഹകരണങ്ങൾ സംഘാടകർ അഭ്യർത്ഥിക്കുന്നു. ടൂർണമെൻറ് പരിപാടികൾ സ്പോൺസർ ചെയ്തും ഇതിനോടനുബന്ധിച്ച് പ്രസിധീകരിക്കുന്ന സുവനീറിൽ പരസ്യങ്ങൾ നൽകിയും എല്ലാവരും ഇതിന്റെ വിജയത്തിനായി സഹകരിക്കണം എന്ന് സംഘാടകർ എല്ലാ നല്ലവരായ പ്രവാസി മലയാളികളോടും അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:   (1) ഷാജു സാം – 646-427-4470    (2)  അലക്സ് ഉമ്മൻ – 516-784-7700   (3) ബേബികുട്ടി തോമസ് – 516-974-1735   (4) ബിഞ്ചു ജോൺ – 646-584-6859   (5) സിറിൽ മഞ്ചേരിൽ – 917-637-3116.

LEAVE A REPLY

Please enter your comment!
Please enter your name here