ഹരാരെ: ആദ്യ ട്വന്റി20 യിലെ രണ്ട് റണ്‍സ് തോല്‍വിയ്ക്ക് പ്രായ്ശ്ചിത്തം ചെയ്ത ഇന്ത്യ രണ്ടാം മത്സരത്തില്‍ സിംബാബ്‌വെയെ നിലംപരിശാക്കി. പത്ത് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. വിജയലക്ഷ്യമായ 100 റണ്‍സ് 13.1 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ മന്‍ദീപ് സിംഗ് 52 ഉം ലോകേഷ് രാഹുല്‍ 47 ഉം റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. നാല് വിക്കറ്റ് വീഴ്ത്തി സിംബാബ് വെ ബാറ്റിംഗ് നിരയെ തകര്‍ത്ത സ്രാനാണ് കളിയിലെ താരം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. നിര്‍ണായകമായ മൂന്നാം മത്സരം ബുധനാഴ്ച നടക്കും.

താരതമ്യേന ചെറിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ആക്രമിച്ച് കളിച്ച ഇരുവരും സിംബാബ്‌വെ ബൗളര്‍മാര്‍രെ നിലംപരിശാക്കി. 40 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറും പറത്തി മന്‍ദീപ് 52 റണ്‍സ് എടുത്തപ്പോള്‍ അത്രതന്നെ പന്തുകളില്‍ രണ്ടുവീതം ഫോറുകളും സിക്‌സറും പറത്തിയായിരുന്നു രാഹുല്‍ 47 ലെത്തിയത്.

നേരത്തെ ടോസ് നേടിയ സിംബാബ്‌വെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ഫലത്തിന്റെ ഓര്‍മയാകും അതിന് അവരെ പ്രേരിപ്പിച്ചത്. എന്നാല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ പേസര്‍മാര്‍ സിംബാബ്‌വെയെ നിലംതൊടാന്‍ അനുവദിച്ചില്ല. 31 റണ്‍സെടുത്ത മൂറിന് പുറമെ പത്ത് റണ്‍സ് വീതമെടുത്ത ഓപ്പണര്‍മാരായ ചിബാബ, മസാകഡ്‌സ, 14 റണ്‍സെടുത്ത വാളര്‍ എന്നിവര്‍ക്ക് മാത്രമേ പിടിച്ച് നില്‍ക്കാനായുള്ളൂ. ആദ്യ ട്വന്റി20യില്‍ ഇന്ത്യയുടെ അന്തകനായ ചിഗുംബുര വെറും എട്ട് റണ്‍സിന് പുറത്തായി. നലോവറില്‍ വെറും പത്ത് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സ്രാനാണ് സിംബാബ്‌വെ ബാറ്റിങ് നിരയെ തകര്‍ത്തത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ബൂമ്ര സ്രാനിന് മികച്ച പിന്തുണ നല്‍കി. നാലോവറില്‍ 11 റണ്‍സ് വഴങ്ങിയായിരുന്നു ബൂമ്രയുടെ പ്രകടനം.

LEAVE A REPLY

Please enter your comment!
Please enter your name here