ലണ്ടന്‍: രണ്ടാം സീഡ് ആന്റി മറെ, മൂന്നാം സീഡ് റോജര്‍ ഫെഡറര്‍, മരിയന്‍ സിലിക്, ജോ വില്‍ഫ്രെഡ് സോംഗ എന്നിവര്‍ വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ക്വാര്‍ട്ടറിലെത്തി. വനിതാ വിഭാഗത്തില്‍ സെറീന, സഹോദരി വീനസ് വില്യംസ്, ആഞ്ജലിക്ക കെര്‍ബര്‍ എന്നിവരും ക്വാര്‍ട്ടര്‍ പോരാട്ടത്തിന് അര്‍ഹത നേടി.

അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെ അനായാസം മറികടന്നാണ് ഏഴ് വട്ടം ചാമ്പ്യനായ ഫെഡറര്‍ പുല്‍ക്കോര്‍ട്ടിലെ തന്റെ പതിനാലാം ക്വാര്‍ട്ടര്‍ പോരാട്ടത്തിന് അവസരമൊരുക്കിയത്. സ്‌കോര്‍ 6-2, 6-3, 7-5. ഇതോടെ വിംബിള്‍ഡണില്‍ 14 ക്വാര്‍ട്ടര്‍ ഫൈനലുകള്‍ എന്ന ജിമ്മി കോര്‍ണറുടെ റെക്കോര്‍ഡിനൊപ്പം റോജര്‍ എത്തി. ഗ്രാന്റ് സ്ലാമിലെ 306 ആം വിജയമായിരുന്നു സ്വിസ് താരം ഇന്നലെ സ്വന്തമാക്കിയത്. ഇക്കാര്യത്തില്‍ ഇതിഹാസ വനിതാതാരം മാര്‍ട്ടിന നവരത്‌ലോവയുടെ റെക്കോര്‍ഡിനൊപ്പവും ഫെഡറര്‍ എത്തി. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ മരിയന്‍ സിലിക്കാണ് ഫെഡററുടെ എതിരാളി. നിഷിക്കോരി മത്സരത്തിനിടെ പിന്‍മാറിയതോടെയാണ് സിലിക്ക് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെ മറികടന്നാണ് ബ്രിട്ടന്റെ ആന്റി മറെ അവസാന എട്ടില്‍ ഇടം നേടിയത്. സ്‌കോര്‍ 7-5, 6-1, 6-4. ഫ്രഞ്ച് താരം ജോ വില്‍ഫ്രെഡ് സോംഗയാണ് ക്വാര്‍ട്ടറില്‍ മറെയുടെ എതിരാളി. ലോക ഒന്നാം നമ്പര്‍ ദ്യോകോവിക്കിനെ അട്ടിമറിച്ച സാം ഖുറെ തന്റെ പ്രയാണം തുടരുകയാണ്. ഫ്രഞ്ച് വെറ്ററന്‍ താരം നിക്കോളാസ് മഹൗട്ടിനെ 6-4, 7-6 (5), 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഖുറെ തന്റെ ആദ്യ ഗ്രാന്റ് സ്ലാം ക്വാര്‍ട്ടര്‍ പോരാട്ടത്തിന് അര്‍ഹത നേടിയത്. കാനഡയുടെ ആറാം സീഡ് മിലാസ് റവോണിക് ആണ് ക്വാര്‍ട്ടറില്‍ ഖുറെയുടെ എതിരാളി. ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ട ശേഷം തിരിച്ചടിച്ച് ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് റവോണിക് തറപറ്റിച്ചത്. സ്‌കോര്‍ 4-6, 3-6, 6-4, 6-4, 6-4.

മിക്‌സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ് സഖ്യവും വനിതാ വിഭാഗം ഡബിള്‍സില്‍ ഹിംഗിസ്-സാനിയ മിര്‍സ സഖ്യവും മൂന്നാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്‍മാരാണ് രണ്ട് സഖ്യങ്ങളും

LEAVE A REPLY

Please enter your comment!
Please enter your name here